കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസൻസിന് അയോഗ്യതയുള്ളവർ വാഹനമോടിച്ചാൽ 10,000 രൂപ പിഴയൊടുക്കണം. നേരത്തെയിത് 500 രൂപയായിരുന്നു. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാലുള്ള പിഴ 1,000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തി. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർ 5,000 രൂപ (നേരത്തെ 1,000 രൂപ) നൽകണം. ഈ കുറ്റകൃത്യങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ 10,000 രൂപ സൂപ്പർ ഫൈൻ ഈടാക്കും.
സംസ്ഥാന ഗതാഗത വകുപ്പ് വ്യാഴാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്. ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങളെ തടസമില്ലാതെ കടന്നുപോകാൻ അനുവദിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ചുമത്തും. അമിത വേഗതയിൽ വാഹനമോടിച്ചാൽ എൽ.എം.വികൾക്ക് 1000 രൂപയും എംജിവി/എംപിവി/എച്ച്ജിവി/എച്ച്പിവി വാഹനങ്ങൾക്ക് 2000 രൂപയും പിഴ ഈടാക്കും. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ യഥാക്രമം 2,000 രൂപയും 4,000 രൂപയുമാണ് പിഴ. ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്യും. അമിതവേഗതയിൽ മത്സരയോട്ടം നടത്തിയാൽ ആദ്യ തവണ 5,000 രൂപയും രണ്ടാമത്തെ തവണ 10,000 രൂപയുമാണ് പിഴ.
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 1,000 രൂപ ഒടുക്കണം. കൂടാതെ, മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. നേരത്തെ ആദ്യതവണ 100 രൂപയും രണ്ടാം തവണ 300 രൂപയുമായിരുന്നു പിഴ. റോഡ് സുരക്ഷ, ശബ്ദ-വായു മലിനീകരണ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചാൽ 10,000 രൂപ പിഴയും ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്യും. റോഡപകടം കുറക്കാൻ നിരവധി കാമ്പയിനുകളും മറ്റും നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് പിഴ വർധിപ്പിക്കാനുള്ള തീരുമാനമെന്നറിയുന്നു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും നിരവധി അപകടങ്ങളാണ് സംസ്ഥാനത്ത് വരുത്തിവെക്കുന്നത്.