തിരുവനന്തപുരം: സ്‌ത്രീധനത്തിനും സ്‌ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്‌ത്രീശക്തി കലാജാഥ അവതരണത്തിനായൊരുങ്ങുകയാണെന്ന് സ്‌ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത കലാകാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ഒന്നാംഘട്ട പരിശീലനക്കളരിയ്ക്ക് കോവിഡ് പ്രതിസന്ധി മൂലം തുടര്‍ച്ചയുണ്ടായിരുന്നില്ല. കോവിഡ് രൂക്ഷത കുറഞ്ഞ സാഹചര്യത്തിലാണ് ഫെബ്രുവരി 23, 24, 25, 26 തീയതികളില്‍ തൃശൂര്‍ കിലയില്‍ വെച്ച് സ്ത്രീശക്തി കലാജാഥയുടെ അവസാനഘട്ട പരിശീലനം സംഘടിപ്പിക്കുന്നതെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി.
സ്ത്രീപീഡനത്തിനും സ്ത്രീധനത്തിനുമെതിരായി സ്ത്രീശാക്തീകരണത്തിലൂന്നിയുള്ള നാടകങ്ങളും സംഗീതശില്‍പ്പങ്ങളുമാണ് കലാജാഥയില്‍ തയ്യാറാക്കുന്നത്. സ്ത്രീപക്ഷ നവകേരളത്തിന്റെ സന്ദേശം ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്നതാണ് കലാജാഥയുടെ ലക്ഷ്യം. 26ന് രാവിലെ 11മണിക്ക് തൃശൂര്‍ കിലയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ‘സ്ത്രീശക്തി കലാജാഥ’യുടെ രംഗാവതരണം ഉണ്ടാകുമെന്ന് നിമിഷ സജയന്‍ അറിയിച്ചു. കലാജാഥാ പര്യടനത്തിന് വേണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലും 12 കലാകാരികളെ ഉള്‍പ്പെടുത്തി കലാവിഭാഗം രൂപീകരിച്ചുകഴിഞ്ഞു. ഇവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന മൂന്ന് റീജ്യണല്‍ ക്യാമ്പുകളിലൂടെ പരിശീലനം നല്‍കും.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെയാണ് ജില്ലാപരിശീലനം. സംസ്ഥാന പരിശീലകന്‍മാരെ കൂടാതെ കിലയിലെ റിഹേഴ്സല്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരും ജില്ലാ കലാജാഥാ പരിശീലനത്തിന് നേതൃത്വം നല്‍കും. മൂന്നു ക്യാമ്പുകളിലുമായി 168 കലാകാരികളാണ് പരിശീലനത്തില്‍ പങ്കാളിയാവുകയെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി. സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന സ്ത്രീശക്തി കലാജാഥയ്ക്കുവേണ്ടി രണ്ട് നാടകങ്ങളും രണ്ട് സംഗീത ശില്‍പ്പങ്ങളും മൂന്ന് ഗാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആറ് ദിവസത്തെ പരിശീലനം നേരത്തെ നടത്തിയിരുന്നു. കലാജാഥയ്ക്കുവേണ്ടി സ്‌ക്രിപ്റ്റ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. കരിവെള്ളൂര്‍ മുരളി, ശ്രീജ അരങ്ങോട്ടുകര, റഫീഖ് മംഗലശ്ശേരി, ഷൈലജ പി അമ്പു, സുധി ദേവയാനി എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി കലാജാഥകള്‍ അടക്കമുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നിമിഷ സജയന്‍ പറഞ്ഞു.