മുടി കൊഴിച്ചിൽ രൂക്ഷമാണ്. പക്ഷേ അതിന്റെ കാരണം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല. നിങ്ങളുടെ ശീലങ്ങള്‍ തന്നെയാണ് അതിന്റെ കാരണമെങ്കിലോ ? അതെ. നിത്യജീവിതത്തിലെ നമ്മുടെ ചില ശീലങ്ങൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അത്തരം 6 കാര്യങ്ങള്‍ ഇതാ. ഇവ ഒഴിവാക്കിയാൽ മുടി കൊഴിച്ചിലിൽ മാറ്റം വരുന്നതു കാണാം.
• എണ്ണ അമിതമാകല്ലേ
ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് ശിരോചർമത്തിനു വളരെ നല്ലതാണ്. എന്നാൽ കിട്ടുന്ന അവസരങ്ങളിലൊക്കെ മുടിയിൽ എണ്ണ തേയ്ക്കുന്നവരുണ്ട്. അത് ഗുണമല്ല ദോഷമാണ് ചെയ്യുക. മുടിയുടെ വേരുകൾക്കാവശ്യമായ എണ്ണ നമ്മുടെ ശരീരം സ്വാഭാവികമായി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു മുടിയുടെ വേരുകളിൽ തേയ്ക്കുന്നതിനേക്കാൾ അഗ്രഭാഗത്ത് എണ്ണ തേയ്ക്കുന്നതാണ് നല്ലത്. അതും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം. എണ്ണ കൂടുമ്പോൾ ശിരോചർമത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. ഇതു കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.
• കെമിക്കലുകള്‍ സൂക്ഷിച്ച്
മുടി സ്റ്റൈലിഷ് ആക്കാനായി നിങ്ങൾ ഉപയോഗിക്കുന്ന കെമിക്കലുകളും സ്പ്രേകളുമൊക്കെ മുടിവളർച്ചയെ തടസ്സപ്പെടുത്തുന്നവയാണ്. എത്രത്തോളം കെമിക്കലുകൾ തലയിൽ ഉപയോഗിക്കുന്നുവോ അത്രത്തോളം മുടികൊഴിച്ചിലിനുള്ള സാധ്യത കൂടുന്നു. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പ്രകൃതിദത്ത വസ്തുക്കൾക്ക് പ്രാധാന്യം നൽകുക.
• മുടി ചീകുമ്പോൾ
മുടിയിഴകളെ കൈകാര്യം ചെയ്യുന്നത് വളരെ കരുതലോടെ വേണം. ബലമായി മുടി ചീകുന്നത് വേരുകളെ ദുർബലമാക്കും. അതിനാൽ ശ്രദ്ധയോടെ മുടി ചീകുക.
• മുടി കെട്ടിവയ്ക്കുമ്പോൾ
മുടി സദാസമയവും കെട്ടി വെക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ചും മുകളിലേക്ക് ഉയർത്തി കെട്ടുന്നത്. ഇത് മുടി പൊട്ടാനും വേരുകൾ ദുർബലമാകാനും കാരണമാകുന്നു. അതിനാൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാം.
• നനഞ്ഞ മുടി
രാവിലെ ജോലിക്കു പോകാനുള്ള തിരക്കിൽ മുടി ഉണങ്ങും മുമ്പ് ചീകുന്നവർ നിരവധിയാണ്. നനഞ്ഞിരിക്കുന്ന സമയത്ത് മുടിയുടെ വേരുകൾക്ക് ബലം കുറവായിരിക്കും. ഇത് ചീകുമ്പോൾ കൂടുതൽ മുടി കൊഴിയാൻ കാരണമാകുന്നു. അതുകൊണ്ട് മുടി ഉണങ്ങിയതിനു ശേഷം മാത്രം ചീകാം.
• ഹെയർ ഡ്രയർ
പാറിപ്പറക്കുന്ന സുന്ദരമായ മുടിക്കായി, നനവു തോരാൻ കാത്തുനിൽക്കാതെ ഹെയർ ഡ്രൈയർ ഉപയോഗിച്ച് ഉണക്കുന്നവരുണ്ട്. ഇത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശീലമാക്കിയാൽ മുടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് തീർച്ച.