മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ ചൊവ്വാഴ്ച തിരിച്ചടി നേരിട്ടപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 3.71 ലക്ഷം കോടി രൂപ. ബി.എസ്.ഇയിൽ വിവിധ കമ്പനികളുടെ ഓഹരി മൂല്യം 276.30 ലക്ഷം കോടിയായി ഇടിഞ്ഞു. ഇന്ന് സെൻസെക്സ് 554 പോയിന്റിന്റേയും നിഫ്റ്റി 195 പോയിന്റിന്റേയും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 60,754.86 പോയിന്റിലും നിഫ്റ്റി 18,113.05 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികളിലുണ്ടായ തിരിച്ചടി ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു. എണ്ണവില വീണ്ടും വർധിക്കുമെന്ന ആശങ്കയും തിരിച്ചടിയായായി. യു.എ.ഇയിലുണ്ടായ ഡ്രോൺ ആക്രമണമാണ് വീണ്ടും എണ്ണവില വർധനവിനിടയാക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നത്. ഇതിനൊപ്പം യു.എസ് ട്രഷറി വരുമാനത്തിലെ വർധനയും വിപണിയെ സ്വാധീനിച്ചുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നിഫ്റ്റിയിൽ മാരുതി സുസുക്കിക്കാണ് വൻ തിരിച്ചടി നേരിട്ടത്. 4.07 ശതമാനം നഷ്ടത്തോടെ 7,929 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, അൾട്രാടെക് സിമന്റ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവക്ക് തിരിച്ചടി നേരിട്ടു. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഡോ.റെഡ്ഡി, നെസ്റ്റല ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.