കാസർകോട്: കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അൻപതോളം പേരെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു. ഇന്നലെ വൈകിട്ട് 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.