തിരുവല്ല: വന്ദേ ഭാരത് ട്രെയിനിന് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം. അപ്പർ കുട്ടനാടൻ വികസന സമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരിയാണ് ഈ ആവശ്യമുന്നയിച്ചത്.തിരുവനന്തപുരവും കൊല്ലവും കഴിഞ്ഞാൽ കോട്ടയത്താണ് സ്റ്റോപ്പ് ഉള്ളത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ട്രെയിനിന് സ്റ്റോപ്പില്ല. നിരണം പള്ളി, പരുമല പള്ളി, ശ്രീവല്ലഭ ക്ഷേത്രം എടത്വപള്ളി, ചക്കുളത്ത് കാവ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്താൻ തീർത്ഥാടകർക്ക് എളുപ്പം തിരുവല്ല റെയിൽവേ സ്റ്റേഷൻ ആണ്.
ഈ രണ്ട് ജില്ലകളിലെ യാത്രക്കാർക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജിജു വൈക്കത്തുശ്ശേരി ആവശ്യപ്പെട്ടു.
സ്റ്റോപ്പും നിരക്കും സമയക്രമവും അന്തിമ തീരുമാനമായില്ല
തിരുവനന്തപുരം: ഇന്ന് കേരളത്തിലെത്തിയ വന്ദേഭാരത് ട്രെയിനിന്‍റെ സ്റ്റോപ്പും നിരക്കും സമയക്രമവും സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്റ്റോപ്പുകളാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ 14ാമത്തെയും ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിൻ ആണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് സർവിസ് നടത്തുക.