തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് അതിനൊപ്പം ചേരുകയാണ്. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തോടും സമരത്തിനോടും സിപിഎമ്മിന് യോജിപ്പില്ല. ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാവുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഗോവിന്ദൻ പറഞ്ഞു. അദാനിക്ക് തുറമുഖത്തിന്റെ ചുമതല നൽകിയത് കോൺഗ്രസ്, ബിജെപി സർക്കാരുകളാണ്. അന്ന് സിപിഎം ചില വിമർശനങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് തുറമുഖ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
നാല് വർഷം കൊണ്ട് എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് നൽകും. ഫ്ലാറ്റ് നിർമാണം കഴിയും വരെ വാടക നൽകാമെന്നതാണ് സർക്കാർ നിലപാടെന്നും ഗോവിന്ദൻ അറിയിച്ചു. വിഴിഞ്ഞം പ്രതിഷേധത്തിനെതിരെ സിപിഎം സംഘടിപ്പിച്ച ജനസദസ്സ് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.