തൃശൂര്‍: തൃശൂരിലെ മിന്നല്‍ ചുഴലിയില്‍ ഒടിഞ്ഞത് 110 വൈദ്യുതി പോസ്റ്റുകള്‍. ചാലക്കുടിയിലും പരിസരങ്ങളിലും ഇന്നു രാവിലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്ഇബി. പ്രാഥമിക കണക്കെടുപ്പില്‍ ചാലക്കുടി ഇലക്ട്രിക്കല്‍ ഡിവിഷന് കീഴില്‍ മാത്രം 84 എല്‍ടി പോസ്റ്റുകളും 26 എച്ച്ടി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നാലു ട്രാന്‍സ്ഫോര്‍മറുകളും കേടായി. 126 ഇടങ്ങളില്‍ വൈദ്യുതി കമ്പികള്‍ മരം വീണ് പൊട്ടിപ്പോയി.
33,500 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായാണ് കണക്കാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും കഴിയുന്നിടത്തെല്ലാം വൈദ്യുതി ബന്ധം എത്രയും വേഗം പുന:സ്ഥാപിക്കാനുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രയത്നിക്കുകയാണെന്ന് ബോര്‍ഡ് അറിയിച്ചു. പരാതികളറിയിക്കാന്‍ അതത് സെക്ഷന്‍ ഓഫീസിലോ 1912 എന്ന ടോള്‍ ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരിലോ 24 മണിക്കൂറും വിളിക്കാം.