ലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും എങ്ങനെ രാജ്യം മുഴുവൻ ചർച്ചകളിൽ ഇടം നേടിയത് എന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഭർത്താവിന്റെ ആരോപണങ്ങളിൽ തുടങ്ങിയ പ്രശ്നം, വെറുമൊരു കുടുംബ പ്രശ്നം മാത്രമല്ലാതായി മാറിയിരിക്കുകയാണ് ഇപ്പോൾ.
വായ്പയെടുത്ത് പഠിപ്പിച്ച് എസ്ഡിഎം ആക്കിയ ഭാര്യ തന്നെ വിട്ട് പോവുകയാണെന്ന് പറഞ്ഞ് അലോക് മാധ്യമങ്ങൾക്ക് മുമ്പിൽ കരഞ്ഞതായിരുന്നു തുടക്കം. ഒടുവിൽ ബറേലി എസ്ഡിഎം ആയ ജ്യോതി അലോകുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇിതിന് പുറമെ തന്റെ ഫോൺ അലോക് ഹാക്ക് ചെയ്തതായും വ്യാജ തെളിവുകൾ ചമച്ചതായും പരാതിയിലുണ്ട്. ഇതിനെല്ലാം മുമ്പ് തന്റെ ഭാര്യ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകൾ ഭർത്താവ് പുറത്തുവിട്ടതും കൂടെ ആയപ്പോഴാണ് വലിയ ചർച്ചയിലേക്ക് ഈ കുടുംബ പ്രശ്നം എത്തിയിരിക്കുന്നത്.
ആരാണ് അലോകും ജ്യോതിയും
ഉത്തർപ്രദേശിലെ പിസിഎസ് ഉദ്യോഗസ്ഥയാണ് ഇന്ന് ജ്യോതി മൌര്യ. അലോക് ആവട്ടെ ബറേലിയിലെ ഒരു പഞ്ചായത്തിലെ തൂപ്പുജോലിക്കാരനും. ഇരുവരുടെയും വിവാഹത്തിന് ശേഷമായിരുന്നു ജ്യോതി ഏറെ ആഗ്രഹിച്ച ജോലി നേടാൻ പഠിക്കാൻ സൌകര്യം ചെയ്തുകൊടുത്തതെന്ന് അലോക് പറയുന്നത്. വായ്പ എടുത്ത് തന്റെ ഭാര്യയെ പ്രൊവിൻഷ്യൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സർവ്വ പിന്തുണയും നൽകിയതെന്നും അലോക് പറയുന്നു. തുടർന്ന് 2015 -ൽ പരീക്ഷ പാസായ ജ്യോതി ബറേലിയിൽ ജോലിയിൽ കയറി. 2020 വരെ ദാമ്പത്യം പ്രശ്നങ്ങളില്ലാതെ പോയി. എന്നാൽ, ജോലി ലഭിച്ച് മജിസ്ട്രേറ്റായി വർഷങ്ങൾക്ക് ശേഷം ഇപ്പോൾ തന്നെ വേണ്ടെന്നും അലോക് ആരോപിക്കുന്നു. തന്റെ ഭാര്യക്ക് ഗാസിയാബാദിലെ ഒരു ഹോം ഗാർഡ് കമാൻഡന്റുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചായിരുന്നു അലോക് മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. പഠനത്തിനാവശ്യമായ പണം നൽകിയ താൻ ചതിക്കപ്പെട്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു.
കൈക്കൂലി ആരോപണവും
ഭാര്യക്കെതിരെ വഞ്ചിച്ചുവെന്ന ആരോപണത്തിനൊപ്പം അവർ കൈക്കൂലി വാങ്ങിയെന്നും അലോക് ആരോപണം ഉന്നയിച്ചു. രഹസ്യബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് അലോക് ഭാര്യയോട് പരസ്യമായി അഭ്യര്‍ഥിച്ചിരുന്നു. ഭാര്യയും കാമുകനും തന്നെ കെല്ലാനുള്ള പദ്ധതിയിടുകയാണ് എന്നും പറഞ്ഞ അലോക്. സർവീസിൽ കയറിയതുമുതൽ ഭാര്യ കൈക്കൂലി വാങ്ങുന്നുണ്ടെന്നും പറഞ്ഞു. ഇതിന് തെളിവായി ഡയറിക്കുറിപ്പുകളും ഹാജരാക്കി. അതേസമയം, അലോകും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചുവെന്നാണ് ജ്യോതിയുടെ പരാതി. പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹ ശേഷമാണ് തൂപ്പുകാരനാണെന്ന് അറിഞ്ഞത്. വിവാഹസമയം അയ്യായിരും രൂപ സ്ത്രീധനം വാങ്ങി. പിന്നീട് ഭര്‍ത്താവും കുടുംബവും പണവും കാറും ആവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും ജ്യോതി പറയുന്നു. എന്നാൽ കൈക്കൂലി ആരോപണത്തിൽ പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നായിരുന്നു അവരുടെ മറുപടി.