ത്രില്ലർ ചാര സിനിമകളേക്കാൾ ആവേശം കൊള്ളിക്കുന്നതാണ് റഷ്യൻ ആയുധ ഇടപാടുകാരനായ വിക്ടർ ബൂട്ടിന്റെ ജീവിതം. ഒരു കുറ്റവാളിയെ പിടിക്കാൻ യുഎസ് ഇത്രമേൽ ബുദ്ധിമുട്ടിയത് വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാവും. ‘മരണത്തിന്റെ വ്യാപാരി’യെന്നും ‘ഉപരോധങ്ങളെ തകർക്കുന്നയാൾ’ എന്നുമുള്ള വിളിപ്പേരുകൾ സ്വന്തമാണ് ബൂട്ടിന്. ലോകമെങ്ങും ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ ഇയാൾ വിറ്റ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയതോടെയാണ് മരണത്തിന്റെ വ്യാപാരിയെന്ന പേര് ബൂട്ടിന് സ്വന്തമായത്.
ആയുധം നൽകരുതെന്നു പറഞ്ഞ് വിവിധ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും അതു തകർത്ത് ചെറു രാജ്യങ്ങൾക്കു വരെ ആയുധം വിൽക്കുന്ന രീതിയും ബൂട്ടിനു സ്വന്തം. യുഎസിനെ ലക്ഷ്യമിടുന്ന വിവിധ രാജ്യങ്ങളിലെ സായുധ സൈന്യങ്ങൾക്ക് ആയുധങ്ങൾ നൽകിയതോടെയാണ് ഈ അൻപത്തിയഞ്ചുകാരൻ യുഎസിന്റെ കണ്ണിലെ കരടായത്. ഒടുക്കം റഷ്യയെന്ന മാളത്തിനു പുറത്തേക്കു കടന്നപ്പോൾ, 2008ല്‍ തായ്‌ലൻഡിൽ വച്ച് ഇയാൾ അറസ്റ്റിലായി. പിന്നീട് യുഎസിൽ എത്തിച്ച് വിചാരണ നടത്തി. അമേരിക്കൻ പൗരന്മാരെ വധിക്കാൻ ആസൂത്രണം നടത്തിയെന്ന കുറ്റത്തിന് 25 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു വിക്ടർ ബൂട്ട്. പക്ഷേ കഴിഞ്ഞ ദിവസം ഇയാളെ യുഎസ് റഷ്യയ്ക്കു കൈമാറി. തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാർ ഉപയോഗിച്ച്, റഷ്യയിൽ അറസ്റ്റിലായ അമേരിക്കൻ ബാസ്കറ്റ്ബോൾ താരത്തെ വിട്ടുകൊടുത്തായിരുന്നു വിക്ടർ ബൂട്ടിനെ റഷ്യ തിരികെ വാങ്ങിയത്.
20 വർഷത്തോളം ലോകത്തെ ഏറ്റവും കുപ്രസിദ്ധ ആയുധ ഇടപാടുകാരനായിരുന്നു ബൂട്ട്. ഒറ്റതിരിഞ്ഞു നിൽക്കുന്ന രാജ്യങ്ങൾക്കും ആഫ്രിക്കയിലെയും ഏഷ്യയിലെയും തെക്കൻ അമേരിക്കയിലെയും വിമത സായുധസൈന്യങ്ങൾക്കും ആയുധങ്ങൾ എത്തിച്ചു നൽകലായിരുന്നു പണി. അധികാരത്തിലുള്ള ശക്തരായ സുഹൃത്തുക്കളുടെ വലയത്തിൽനിന്നിരുന്ന ബൂട്ട് ഒരു ഘട്ടത്തിൽ നിയമസംവിധാനങ്ങൾക്കു വരെ അപ്രാപ്യനായിരുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു. യഥാർഥത്തിൽ വിക്ടർ ബൂട്ട് ആരാണ്? എങ്ങനെയാണ് ഇയാൾ മരണത്തിന്റെ വ്യാപാരിയായി മാറിയത്?