തിരുവനന്തപുരം: ബോട്ടിന്റെ എൻജിൻ കേടായി ആഴക്കടലിൽ കുടുങ്ങിക്കിടക്കുമ്പോള്‍ വിദേശ കപ്പൽ രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശികളായ മത്സ്യ തൊഴിലാളികൾ മടങ്ങിയെത്തി. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടു കൂടി മടങ്ങിയെത്തിയ മത്സ്യ തൊഴിലാളികൾക്ക് ഇടവ വികാരിയുടെയും വാർഡ് കൗൺസിലറിന്റെയും നേതൃത്വത്തിൽ നാട്ടുകാരും കുടുംബാംഗങ്ങളും ഹൃദ്യമായ സ്വീകരണം നൽകി. ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗ സ്ഥരും, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളെ സ്വീകരിക്കാനെത്തിയിരുന്നു.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ രാജേഷ്‌കുമാർ, യേശുദാസൻ, ശബരിയാർ, ഗിൽബർട്ട്, എഡിസൺ, ജോർജ്, റിനു, അനിൽബായ് എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീടുകളിലെത്തിയത്. ഏപ്രിൽ 17 ന് തമിഴ്‌നാട്ടിലെ തുറമുഖത്ത് നിന്ന് രാജൻ എന്നയാളുടെ ബോട്ടിൽ കന്യാകുമാരി ഭാഗത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനിറങ്ങിയ സംഘമാണ് അപകട ത്തിൽപ്പെട്ടത്. ഏപ്രിൽ 21 ന് ബോട്ടിന്റെ എൻജിൻ കേടായി സംഘം കടലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കാറ്റിലും ഒഴുക്കിലും പെട്ട് രാജ്യാതിർത്തി കടന്ന് പോയ ഇവരെ അതുവഴിയെത്തിയ സിങ്കപ്പൂരിലേക്ക് പോകുകയായിരുന്ന ഫ്യൂറീയസ് എന്ന ഫിലിപ്പൈൻസ് കപ്പലാണ് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡിന് കൈമാറിയത്. സംഘത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികളും എട്ട് വിഴിഞ്ഞം സ്വദേശികളും ഉൾപ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്.
കോസ്റ്റ് ഗാർഡ് കർണ്ണാടകയിൽ എത്തിച്ച സംഘം അവിടെ നിന്നാണ് ഇന്ന് നാട്ടിലെത്തിയത്. കർണ്ണാടകയിൽ നിന്ന് നാട്ടിൽ തിരികെ എത്താൻ പണമില്ലെന്നറിഞ്ഞതിനെ തുടർന്ന് എട്ടു മലയാളികൾക്കുമുളള യാത്രാക്കൂലി കോസ്റ്റുഗാർഡിന്റെ വിശാഖ പട്ടണം കമാൻഡർക്ക് കളക്ടറുടെ നിർദേശം പ്രകാരം അയച്ചുകൊടുത്തത് അദ്ദേഹം തൊഴിലാളികൾക്ക് കൈമാറിയിരുന്നു. തമിഴ്‌നാട് സ്വദേശികൾക്കും അവിടത്തെ ജില്ലാ ഭരണകൂടം പണം അയച്ചു കൊടുത്തതോടെയാണ് മത്സ്യ തൊഴിലാളി കളുടെ മടക്കയാത്ര ഏളുപ്പമായത്. ബസിലാണ് തൊഴിലാളികൾ കർണ്ണാടകയിൽ നിന്ന് നാട്ടിലെത്തിയത്.