നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന, നമ്മെ അതിശയിപ്പിക്കുന്ന പല ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്, അല്ലേ? ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത അറിവുകളുടെ അനുഭവം പകര്‍ന്നുനല്‍കുന്നതിന് മികച്ചൊരു പ്ലാറ്റ്ഫോം തന്നെയാണ് സോഷ്യല്‍ മീഡിയ. ഓരോ മേഖലയിലും അറിവുള്ളവര്‍ മറ്റുള്ളവര്‍ക്കായി അത് പങ്കുവയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത് കണ്ടെത്തിയ അജ്ഞാത ജീവിയെ കണ്ടെത്തുന്നതിന് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരുടെ സഹായം തേടിയിരിക്കുകയാണ് ഒരു പാര്‍ക്കിന്‍റെ അധികാരികള്‍.
യുഎസിലെ സൗത്ത് ടെക്സാസിലാണ് സംഭവം. റിയോ ഗ്രാൻഡ് വാലി എന്നറിയപ്പെടുന്ന ടെക്സസ്- മെക്സിക്കോ അതിര്‍ത്തിപ്രദേശത്തുള്ള ഒരു വന്യജീവി പാര്‍ക്കാണിത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലാണ് അജ്ഞാത ജീവിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഇതെന്താണെന്ന് മനസിലാക്കാൻ സാധിക്കാഞ്ഞതോടെ പാര്‍ക്ക് അധികൃതര്‍ ചിത്രംസഹിതം സംഭവം വിശദീകരിച്ച ശേഷം ഇത് എന്ത് ജീവിയാണെന്ന് ആര്‍ക്കെങ്കിലും കണ്ടെത്താൻ സാധിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ്.
സാമാന്യം വലുപ്പമുള്ളൊരു ജീവിയാണിത്. ഒറ്റനോട്ടത്തില്‍ ഭീമാകാരനായൊരു എലിയാണോ എന്ന് തോന്നിപ്പോകാം. കാരണം എലിയുടേതിന് സമാനമാണ് ഈ ജീവിയുടെ ആകാരം. എന്നാല്‍ എലി ഒരിക്കലും ഇത്രയും വലുപ്പത്തില്‍ കാണില്ലല്ലോ.
പന്നിയോ കരടിയോ ആണെന്ന് തോന്നുന്നതായും ഫോട്ടോ കണ്ടവര്‍ കമന്‍റില്‍ പറയുന്നു. എന്നാല്‍ അല്‍പനേരം ഫോട്ടോ തന്നെ നോക്കിനില്‍ക്കുമ്പോള്‍ അത് പന്നിയും കരടിയുമല്ലെന്ന് മനസിലാക്കാമെന്നും ഇവര്‍ പറയുന്നു. വലിയ നീര്‍നായ് ആണോയെന്നും വടക്കൻ അമേരിക്കയില്‍ കണ്ടുവരുന്ന ഒരിനം ജീവിയുണ്ട് വോള്‍വെറൈൻ- ഇതാണെന്നും കാപിബാര എന്ന- ജലത്തില്‍ ജീവിക്കുന്ന സസ്യഭുക്കായ ഒരു ജീവിയുണ്ട്- അതാണെന്നുമെല്ലാം കമന്‍റുകളിലൂടെ ഊഹിച്ചവര്‍ ഏറെയാണ്.
ഇങ്ങനെ ചര്‍ച്ചകള്‍ പലതും വന്നു. എന്നാല്‍ ആര്‍ക്കും ഒന്നും ഉറപ്പിക്കാനായില്ല. ഒടുവില്‍ പാര്‍ക്ക് അധികൃതര്‍ തന്നെ അത് എന്ത് ജീവിയാണെന്നാണ് തങ്ങള്‍ ഒരു നിഗമനത്തിലെത്തി എന്നറിയിച്ചു. അമേരിക്കയില്‍ കണ്ടുവരുന്ന പ്രത്യേക ഇനത്തിലുള്ള നീര്‍നായ് ആണിതെന്നാണ് ഇവരുടെ ഒടുവിലുള്ള കണ്ടെത്തല്‍. രാത്രി മാത്രമാണത്രേ ഈ ജീവി അങ്ങനെ പുറത്തിറങ്ങൂ. എന്ന് മാത്രമല്ല ഇപ്പോഴിതിനെ കണ്ടിരിക്കുന്ന പ്രദേശത്തൊന്നും മുമ്പ് ഇതിനെ കാണുക പോലുമില്ലായിരുന്നുവെന്നും അതുകൊണ്ടാണ് തങ്ങളില്‍ സംശയമുണ്ടായതെന്നും പാര്‍ക്ക് അധികൃതര്‍ അറിയിക്കുന്നു. എന്തായാലും അജ്ഞാതമായ വിചിത്ര ജീവി എന്താണെന്നത് നൂറ് ശതമാനം വ്യക്തമായില്ലെങ്കിലും തല്‍ക്കാലം ചര്‍ച്ചകള്‍ക്ക് വിരാമമായി.