തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാറ്റിൻകരയിലും പാലമൂട്ടിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പ്രഭാവതി (70), ഗോകുൽരാജ് (18), പൊടിയൻ (58), ലിനു (26) എന്നിവരെ കൂടാതെ പാലമൂട്ടിലെ നാലു പേർക്കുമാണ് പരുക്കേറ്റത്. 60 ദിവസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയ്ക്കും നായയുടെ കടിയേറ്റതായി വിവരമുണ്ട്.
ചെവിയിലും കാലിലും ഗുരുതരമായി പരുക്കേറ്റ പ്രഭാവതി ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു സമീപത്തുവച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാനായിട്ടില്ല. പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസത്തെ കണക്കുകൾ പ്രകാരം തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ തെരുവുനായ ആക്രമണമുണ്ടായത്.