തൃശ്ശൂര്‍: സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ തെരുവുനായ ആക്രമണം തുടരുന്നു. തൃശ്ശൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ യുവാവിനെ തെരുവ് നായ കടിച്ചു. വെങ്ങിണിശ്ശേരി സ്വദേശി ജിനുവിനെയാണ് തെരുവ് നായയുടെ കടിയേറ്റത്. വലിയാലുക്കൽ മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടയിയിരുന്നു സംഭവം. ബോൾ എടുക്കാൻ പോയപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന തെരുവ് നായ ജിനുവിന്‍റെ കാലില്‍ കടിച്ചത്.
സംസ്ഥാനത്തെ തെരുവുനായ ആക്രമണം ഇന്നും രൂക്ഷമായി തുടരുകയാണ്. ഇടുക്കിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പാലുമായി പോയ ആളുടെ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. ചെറുതോണി അട്ടിക്കളം സ്വദേശി കുന്നേൽ റെജിക്കാണ് പരിക്കേറ്റത്. രാവിലെ വാഹനത്തിൽ പാലുമായി പോകുമ്പോൾ പുറകെയെത്തിയ നായ്ക്കൾ വാഹനത്തെ പിന്തുടർന്നു. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. റെജിയുടെ കാലിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇദ്ദേഹമിപ്പോൾ. വളർത്തുനായയുടെ കടിയേറ്റ് തോപ്രാംകുടി സ്വദേശിയായ വീട്ടമ്മയും ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തോപ്രാംകുടി ചക്കുന്നംപുറം ജെസ്സിക്കാണ് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റാണ്.
കോഴിക്കോട് രണ്ടിടത്ത് തെരുവ് നായ വാഹനങ്ങള്‍ക്ക് കുറുകെ ചാടി നാല് പേര്‍ക്ക് പരിക്കേറ്റു. ഇരുചക്രവാഹനങ്ങള്‍ക്ക് കുറുകെ ചാടിയാണ് തെരുവ് നായ്ക്കള്‍ രണ്ടിടത്തും
അപകടമുണ്ടാക്കിയത്. മാവൂരില്‍ ഇന്ന് പുലര്‍ച്ചയോടെ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കാണ് സാരമായി പരിക്കേറ്റത്.മാവൂര്‍ കല്‍പ്പള്ളിയില്‍ ബൈക്കിന് കുറുകെ നായ ചാടി ചെറൂപ്പ് ചെട്ടിക്കടവ് സ്വദേശി ഷബീര്‍, അഭിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കൈക്കും കാലിനുമാണ് പരിക്ക്. കോഴിക്കോട്- ഉള്ളിയേരി സംസ്ഥാന പാതയിലാണ് തെരുവ് നായ ബൈക്കിന് കുറുകെ ചാടി മറ്റൊരു അപകടം ഉണ്ടായത്.അംജദ്, അമല്‍ മോഹന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ബാലുശേരി ബി.എഡ് കോളേജിലെ വിദ്യാര്‍ത്ഥികളാണിവര്‍. കൊയിലാണ്ടി ചെങ്ങോട്ട്കാവില്‍ റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തെരുവ്നായ ആക്രമിക്കാന്‍ ശ്രമിച്ചു. ഓടി തൊട്ടടുത്ത കടയില്‍ കയറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.