കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം ജില്ലയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 15 പേർക്കാണ്. ഇതോടെ ഈ മാസം തെരുവ് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 302 ആയിരിക്കുകയാണ്. തെരുവ് നായ്ക്കൾ റോഡിന് കുറുകെ ഓടവെ ബൈക്ക് നായ്ക്കളുടെ മേൽ തട്ടി മറിഞ്ഞ് തളിപ്പറമ്പിൽ യുവാവിന് പരിക്കേറ്റു. ഇയാളുടെ എല്ലുകൾക്ക് ചതവേറ്റിട്ടുണ്ട്. 35കാരനായ ആലിങ്കൽ പ്രനീഷിനാണ് അപകടത്തിൽ വാരിയെല്ലുകൾ ചതഞ്ഞ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ തളിപ്പറമ്പിൽ നിന്ന് നെടിയേങ്ങലിലേക്ക് പോകവെ കുറുമത്തൂർ ചൊറുക്കള ഭാഗത്തുവച്ചായിരുന്നു അപകടം. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പ്രനീഷിനെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാധ്യമപ്രവർകത്തകൻ എ ദാമോദരനും നായയുടെ കടിയേറ്റിരുന്നു. തളിപ്പറമ്പ് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി വരികയാണ്. ഒപ്പം അപകടങ്ങളും പതിവാകുന്നു.
അതേസമയം സെപ്തംബർ 12ന് കോഴിക്കോടും സമാനമായ സംഭവം നടന്നു. തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അച്ഛനും മക്കൾക്കും പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് ചേളന്നൂരിലാണ് അപകടം നടന്നത്. പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് അച്ഛനും മക്കൾക്കും തെറിച്ചു വീഴുകയായിരുന്നു. കുട്ടികളെ സ്കൂളിൽ കൊണ്ട് വിടാൻ പോകും വഴി ആയിരുന്നു അപകടം. പ്രബീഷിന് കാൽ മുട്ടിന് സാരമായ പരിക്കുണ്ട്. കോഴിക്കോട് കുറ്റ്യാടിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.