കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അഞ്ച് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ഇന്ന് നടക്കും. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണൽ ലാബിലേക്ക് കൈമാറും. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണെന്നാണ് പൊലീസ് കരുതുന്നത്.
ഏത് വിഷമാണ് നൽകിയത് എന്ന് തിരിച്ചറിയുന്നതോടെയാണ് ഉദ്യോഗസ്ഥർ മറ്റ് നടപടികളിലേക്ക് കടക്കുക. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്.
കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. തെരുവുനായയെ ആരാണ് കൊന്നതെന്ന് വ്യക്തമല്ല. കോട്ടയം തന്നെ മുളക്കുളത്ത് നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെള്ളൂർ പൊലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോർട്ടം നടത്തി.
തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങൾ കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാൽ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്ത്. എന്നാൽ, മൃഗസ്നേഹികൾ പരാതി നൽകിയതോടെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു.
ഓരോ ദിവസവും തെരുവ് നായ ശല്യം രൂക്ഷമാകുന്നത് ജനങ്ങളുടെ ഭയം കൂട്ടൂന്നുണ്ട്. സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എബിസി പദ്ധതി നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ നടപ്പിലാക്കുക. സര്‍ക്കാരിന്റെ നേതൃത്വത്തിൽ, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.