പട്ന: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ രണ്ട് ദിവസത്തിനിടെ ഇരുപത്തിനാല് നായ്ക്കളെ ബിഹാർ പരിസ്ഥിതി, വനം വകുപ്പ് നിയമിച്ച വെടിവെപ്പുകാർ വെടിവെച്ച് കൊന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 15 നായ്ക്കളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച എണ്ണം ഒമ്പതെണ്ണത്തിനെയും കൊന്നു. കഴിഞ്ഞയാഴ്ച 12 തെരുവ് നായ്ക്കളെ ഷൂട്ടർ സംഘം കൊന്നു. തെരുവ് നായ്ക്കൾ മനുഷ്യനെ അക്രമിക്കുന്ന സംഭവം വർധിച്ചതോടെയാണ് കൊലപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
ബച്ച്‌വാര ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ നിരവധി സ്ത്രീകളെയും കുട്ടികളെയും നായ്ക്കൾ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്നാണ് നായ്ക്കളെ വെടിവെച്ച് കൊല്ലാനുള്ള ഓപ്പറേഷൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ചയാണ് യുവതി ജില്ലാ ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ നായ്ക്കൾ മറ്റ് മൂന്ന് സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവർ ചികിത്സയിലാണ്. ഒരു വർഷത്തിനിടെ ഒമ്പത് സ്ത്രീകളാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ പല ഗ്രാമങ്ങളും നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് പേരാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചില നായ്ക്കൾ മനുഷ്യമാംസം ഭക്ഷിക്കുന്നായും റിപ്പോർട്ടുണ്ട്. ഗ്രാമവാസികൾ മൃഗങ്ങളുടെ ശവശരീരങ്ങൾ കുഴിച്ചിടുന്നതിനുപകരം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുന്നതും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ആക്രമണം വർധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേർന്ന് ഒരു സംഘവുമാണ് വെടിവെപ്പ് സംഘത്തെ രൂപീകരിച്ചത്. വനം-പരിസ്ഥിതി വകുപ്പിൽ നിന്നുള്ള ശക്തി കുമാർ എന്ന വേട്ടക്കാരനും സംഘാംഗങ്ങളുമാണ് ബച്ച്‌വാഡ, കദരാബാദ്, അർബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലെ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയത്. പ്രദേശവാസികളും വേട്ടക്കാരെ സഹായിക്കാൻ രംഗത്തുണ്ട്.