ലാഹോര്‍; മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ലാഹോറിലെ വീട്ടിലെത്തിയ പോലീസുകാരെ അനുയായികള്‍ തടഞ്ഞു. ലാഹോറിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ പോലീസും പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലേറ്റുമുട്ടി. അനുയായികളുടെ കല്ലേറിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഇസ്ലാമാബാദ് പോലീസ് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമാബാദില്‍ നിന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്യാന്‍ എത്തിയതിന് പിന്നാലെ നൂറുകണക്കിന് അനുയായികള്‍ വീടിന് പുറത്ത് തടിച്ചുകൂടുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്.
സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു.