ഇടുക്കി : ഇടുക്കിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പെരുകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റു ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് പതിനെട്ട് പേരാണ്. ഒരുമാസത്തിനിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് എത്തിയവരുടെ എണ്ണം ഇതോടെ 171 ആയി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റവരും വളർത്തു നായയുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടുന്നു.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. രാപകൽ ഭേദമില്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളും വർധിച്ചുവരികയാണ്. രാത്രിസമയത്തു തിരക്കൊഴിഞ്ഞാൽ പല ടൗണുകളും നിരത്തുകളുമെല്ലാം നായ്ക്കൾ കയ്യടക്കും. കാൽനട യാത്രക്കാർക്കാണ് ഇവ കൂടുതൽ ഭീഷണി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ നായ്ക്കളുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. നായ്ക്കൾ റോഡിനു കുറുകെ ചാടി വാഹനങ്ങൾക്കും ഭീഷണി ഉയർത്തുന്നു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്ന സംഭവങ്ങളും ഒട്ടേറെ.
നെടുങ്കണ്ടത്ത് മാത്രം കഴിഞ്ർ ദിവസം ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റ് പരിക്കേറ്റിരുന്നു. 75 വയസ്സുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കാണ് ഉണ്ടായത്. മഞ്ഞപ്പെട്ടി, കൽകൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്കും പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കൽകൂന്തൽ സന്തോഷ്ഭവനത്തിൽ രത്നമ്മ (75) പറയുന്നതിങ്ങനെ- കഴിഞ്ഞ ദിവസം രാവിലെ പുരയിടത്തിലേക്ക് ഇറങ്ങിയ സമയത്താണ് ആക്രമണമുണ്ടായത്. ഓടിയെത്തിയ നായ കടിച്ചുവലിച്ച് നിലത്ത് വീഴ്ത്തി. കയ്യിലും പുറത്തും കാലിലും കടിച്ചു വലിച്ചു. നിലത്ത് കിടന്ന് അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും എത്തി. ഇതിനിടയിൽ നായ ഓടി രക്ഷപ്പെട്ടു.
രത്നമ്മയെ ബന്ധുക്കൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. രത്നമ്മയെ ആക്രമിച്ച നായയാണ് മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കൽ ബേബിയെയും ആക്രമിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബേബിയെ പിന്നിലൂടെ എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബേബി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 7 പേരെ കടിച്ച് പരുക്കേൽപിച്ച നായയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രാവിലെ സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഭീതിയിലാണ്. നെടുങ്കണ്ടം ടൗൺ, തൂക്കുപാലം അടക്കമുള്ള മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. വാഹനങ്ങളുടെ പിന്നാലെയെത്തി തെരുവുനായ്ക്കൂട്ടം ഭീതി വിതയ്ക്കുന്നതു പതിവ് കാഴ്ചയാണ്.
നേരത്തേയും ടൗണിൽ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. പേപ്പട്ടി ആക്രമണത്തിൽ വിറങ്ങലിച്ച് മുണ്ടൻമുടി പ്രദേശവും. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടിയിൽ 5 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വർക്കിച്ചൻ ചിറ്റടിയിൽ, ശാലിനി പൊരിയത്ത്, ഷിൻസ് വലിയവീട്ടിൽ, ഏലിക്കുട്ടി കറുകപ്പിള്ളിൽ, മറിയം കൊല്ലംപറമ്പിൽ എന്നിവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്തുനിന്നവർക്കും പള്ളിയിലേക്കും കടയിലേക്കും മറ്റും പോയവർക്കുമാണ് നായയുടെ കടിയേറ്റത്. എല്ലാവരും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്നു സ്ഥലത്തെത്തിയ മൃഗാശുപത്രി അധികൃതർ സ്രവം എടുത്തു പരിശോധന നടത്തിയപ്പോഴാണ് പേ വിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ കൂടുതൽ ഭീതിയിലായി. ഇന്നലെ പുലർച്ചെ മുതൽ പ്രദേശത്ത് ഭീതി വിതച്ച് ഓടി നടന്ന നായ മറ്റു വളർത്തു നായ്ക്കളെയും മൃഗങ്ങളെയും കടിച്ചതായി നാട്ടുകാർ പറയുന്നു.
മുറ്റത്തെത്തിയ നായയെ ഓടിക്കാൻ ശ്രമിച്ചവരെയും വഴിയിലൂടെ നടന്നുപോയവരെയുമാണ് ആക്രമിച്ചത്.