എസ്എസ്എസ്എൽസി പരീക്ഷ നാളെയും. സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ അഞ്ചു മന്ത്രങ്ങൾ ഇതാ…
കുട്ടികളോട്
∙പഠനം ഒരു വിനോദയാത്ര
പരീക്ഷയെ ഒരു വിനോദയാത്രയുടെ ഇഷ്ടത്തോടെയും താൽപര്യത്തോടെയും സമീപിച്ചാലോ..? മനസ്സിലെ ആകുലചിന്തകളെല്ലാം മാറ്റിവച്ചുകൊണ്ട് നല്ല വായുസഞ്ചാരമുള്ള പ്രദേശത്ത് ഒന്ന് ഇരുന്നുനോക്കൂ. നിങ്ങളുടെ ഉറ്റകൂട്ടുകാരനെ കുറച്ചുനാൾ ഒന്ന് അവഗണിക്കേണ്ടി വരുമെന്നു മാത്രം- മറ്റാരെയുമല്ല, മൊബൈൽ ഫോണിനെത്തന്നെ. അങ്ങനെ നമുക്കീ വിനോദയാത്ര ആസ്വദിക്കാം.
∙സമയത്തെ പിടിക്കാം
ചിട്ടയോടെ കാര്യങ്ങൾ ചെയ്തു പഠിക്കാൻ കൂടി ഈ പരീക്ഷക്കാലം ഉപയോഗിക്കാം. കൃത്യമായ സമയത്ത് ഓരോ പാഠഭാഗങ്ങളും പഠിച്ചെടുക്കാൻ കഴിയുമ്പോൾ നമുക്ക് ലഭിക്കുന്ന ആശ്വാസവും, ആത്മവിശ്വാസവും, പ്രചോദനവുമുണ്ട്. അതാണ് ഇവിടെ പ്രധാനം. ഒരു ടൈം ടേബിൾ ക്രമീകരിച്ച് പഠിച്ചുനോക്കൂ, സമയം പിന്നെയും ബാക്കിയുണ്ടാവും.
∙റിവിഷന് ഒരു പൊടിക്കൈ
എല്ലാം വിശദമായി പഠിക്കാൻ ഇനി സമയമില്ല. അതുകൊണ്ടു തന്നെ റിവിഷൻ പ്രധാനം. അങ്ങനെ ഓടിച്ചുപോകുമ്പോൾ മനസ്സിൽ കയറാൻ ഒരു പൊടിക്കൈ ഉണ്ട്. ഒരിക്കൽ ആവർത്തിച്ചുപഠിച്ചത് മറ്റൊരു പാഠഭാഗത്തിനുശേഷം ചുരുങ്ങിയ സമയത്ത് ഒന്നുകൂടി ഓടിച്ചുനോക്കുക. ആദ്യം രണ്ടുമണിക്കൂർ എടുത്തുപഠിച്ച ഭാഗമാണെങ്കിലും രണ്ടാമത് റിവൈസ് ചെയ്യുമ്പോൾ കുറഞ്ഞ സമയം മതി.
∙ഉറക്കവും ആഹാരവും
ഒട്ടും ഉറങ്ങാതെ കുത്തിയിരുന്ന് പഠിച്ചാൽ അത് ശരിയാവില്ല. രാത്രി കുറച്ചു നേരത്തേ ഉറങ്ങാൻ പോവുകയും, അതിരാവിലെ നാലു മണിക്കുണർന്ന് സുന്ദരമായ പ്രഭാതത്തിന്റെയും സ്വർഗീയമായ നിശ്ശബ്ദതയുടെയും അകമ്പടിയോടെ ഒന്ന് പഠിച്ചുനോക്കൂ. ആഹാരക്രമവും പ്രധാനമാണ്. ജങ്ക് ഫുഡ് പൂർണ്ണമായും ഒഴിവാക്കണം. അത് കൂടുതൽ ക്ഷീണം ഉണ്ടാക്കും. കൂടാതെ വെള്ളം നന്നായി കുടിക്കുകയും വേണം.
∙ധൈര്യമായി നേരിടാം
ഇന്ന് പരീക്ഷയാണല്ലേ. ഒന്നും പേടിക്കണ്ട. ധൈര്യമായി പൊയ്ക്കോളൂ എന്ന് സ്വയം പറഞ്ഞ് ധൈര്യം പകരാം. പരീക്ഷയുടെ രണ്ടുമണിക്കൂർ മുന്‍പ് തന്നെ പഠനം അവസാനിപ്പിച്ച് മനസ്സിനെ ശാന്തമാക്കാം. ബാക്കിയെല്ലാം ചോദ്യപ്പേപ്പർ കിട്ടിയതിനുശേഷം. ശാന്തമായ മനസ്സോടെ ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന നിങ്ങൾക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല.
രക്ഷിതാക്കളോട്
∙ കൂട്ടിരിക്കാം
കുട്ടികൾക്ക് നിങ്ങളുടെ മാനസികപിന്തുണ ഏറ്റവുമധികം ആവശ്യമായ ദിവസമാണിന്ന്. അൽപസമയം അവർക്കായി ചെലവഴിക്കാം. ഒരു ചായ ഉണ്ടാക്കി അവർക്കൊപ്പം ചെന്നിരുന്ന് അവരുടെ പാഠഭാഗങ്ങൾ നിങ്ങൾക്കും ചർച്ചചെയ്യാം. ടെൻഷൻ പൂർണ്ണമായും മാറ്റിയിട്ടേ അവരുടെ അടുത്തുനിന്നു മടങ്ങാവൂ.
∙ താരതമ്യം വേണ്ട
കുട്ടികളെ പരസ്പരം താരതമ്യം ചെയ്യരുത്. നീ ഒട്ടും മോശമല്ല, നിനക്ക് കഴിയും എന്ന ലൈൻ ആണ് നല്ലത്. ഇത് വിദ്യാർഥി ജീവിതത്തിലെ ഒരു അനിവാര്യത മാത്രമാണെന്നു പറയുന്നതിനൊപ്പം നിന്റെ ഏറ്റവും ‘ബെസ്റ്റ്’ ചെയ്യണമെന്നും ചേർത്തു നിർത്തിക്കൊണ്ട് പ്രചോദിപ്പിക്കാം.
∙ സാഹചര്യം ഒരുക്കണം
ജീവിതം ഒരു സിനിമപോലെ എടുത്താൽ മക്കൾ അഭിനേതാക്കളും, രക്ഷിതാക്കൾ സംവിധായകരുമാണ്. അഭിനേതാക്കൾക്ക് അഭിനയിക്കാൻ
നല്ല സാഹചര്യം ഒരുക്കുമ്പോഴാണ് ഒരു സംവിധായകൻ നല്ല സംവിധായകനാകുന്നത്. അതുപോലെ പഠിക്കാനായി കുട്ടികൾക്ക് സാഹചര്യം ഒരുക്കിക്കൊടുക്കണം.
∙അഭിമാനപ്രശ്നമല്ല
മക്കൾക്കു മാർക്ക് കുറഞ്ഞാൽ അവരെക്കാൾ തങ്ങൾക്കാണ് മാനക്കേട് എന്ന ചിന്താഗതി വേണ്ട. ഇത് ആരുടെയും അഭിമാനത്തിന്റെ പ്രശ്നമല്ല എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. നിങ്ങൾ വിദ്യാർഥി ജീവിതത്തിൽ പരീക്ഷക്കാലം കടന്നുവന്ന വഴികൾ ലളിതമായി അവർക്കു മുന്നിൽ അവതരിപ്പിക്കുകയുമാകാം.
∙ഊഷ്മളമായ യാത്രയയപ്പ്
പരീക്ഷയ്ക്ക് പോകുമ്പോൾ കുട്ടിയെ ചേർത്തുനിർത്തി ഒന്ന് ചുംബിച്ചുനോക്കൂ. നീ പഠിച്ചിട്ടുണ്ട്, അത് എഴുതിയാൽ മതി എന്ന് ധൈര്യമായി പറഞ്ഞുനോക്കൂ. അവൾ/അവൻ പരീക്ഷ തകർത്തിട്ടുവരും. മടി വേണ്ട, കുട്ടികൾ വലുതായെങ്കിലും അവർ ഇപ്പോഴും നിങ്ങളുടെ മക്കൾ തന്നെ.