തിരുവനന്തപുരം : നേമം കാരയ്ക്കാ മണ്ഡപം സ്വദേശി ഷെമീറയും നവജാത ശിശുവും മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് ഡി വൈ എഫ് ഐ. ഈ പശ്ചാത്തലത്തിൽ വ്യാജചികിത്സകർക്കും അശാസ്ത്രീയ ചികിത്സാ മുറകൾക്കും അനധികൃത ചികിത്സ സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി .അനൂപ് എന്നിവർ ആവശ്യപ്പെട്ടു. വ്യാജചികിത്സകരുടെ സ്വാധീനത്തിലും അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതിലൂടെയും വീടുകളിൽ പ്രസവം എടുക്കുന്നത് അപകടകരമാണ്. അമിത രക്തസ്രാവം സംഭവിച്ച് മരണത്തിന് വരെ കാരണമായേക്കാവുന്ന ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. സ്ത്രീകളോടും നവജാത ശിശുക്കളോടുമുള്ള ക്രൂരതയാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.