കുവൈത്ത് സിറ്റി : കുവൈത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. 18 കേസുകളിലായാണ് വിവിധ രാജ്യക്കാരായ പ്രവാസികൾ പിടിയിലായത്. ഇവരിൽ നിന്ന് വ്യത്യസ്ത തരത്തിലുള്ള 14 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഷാബു, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ്, ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്. കൂടാതെ, 42,000 സൈക്കോട്രോപിക് ഗുളികകൾ, ലൈസൻസില്ലാത്ത തോക്ക്, വെടിയുണ്ടകൾ, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണം എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൻറെ ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ തുടർച്ചയായ ശ്രമങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ചോദ്യം ചെയ്യലിൽ കടത്തുന്നതിനും വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.