റിയാദ്: ഹജ്ജ് മാസത്തിലേക്ക് പ്രവേശിക്കാനിരിക്കെ മക്കയിൽ അനധികൃത തീർത്ഥാടകരെ കണ്ടെത്താൻ അധികൃതരുടെ പരിശോധന കർശനമായി തുടരുന്നു. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലുള്ള കാമ്പയിൻ ഇതുസംബന്ധിച്ച് നടത്തിയിരുന്നു. ഉംറ തീർത്ഥാടകർ ജൂൺ ആറിനുള്ളിൽ രാജ്യം വിടണമെന്നും സന്ദർശക വിസയിലുള്ളവർ മക്കയിലേക്ക് പ്രവേശിക്കരുതെന്നും അവിടെ താമസം തുടരരുതെന്നും കർശന നിർദേശമുണ്ടായി. ദുൽഹജ്ജ് 15 വരെയാണ് മക്കയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഹജ്ജ് പെർമിറ്റ് ഉള്ള തീർത്ഥാടകർ, മക്കയിൽ ജോലി ചെയ്യുന്നതിനുള്ള അനുമതി പത്രമുള്ളവർ, മക്ക ഇഖാമയുള്ളവർ എന്നിവർക്ക് മാത്രമാണ് നിലവിൽ മക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. സന്ദർശക വിസയിലെത്തി മക്കയിൽ താമസം തുടർന്ന പലരും കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ പിടിക്കപ്പെട്ടതായി മക്കയിലെ താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മക്കയിലേക്കുള്ള അതിർത്തി ചെക്ക് പോസ്റ്റുകളിലും വിവിധ റോഡുകളിലും പോലീസിന്റെ കർശന പരിശോധനയാണ് നടക്കുന്നത്. ഇതുമൂലം നേരത്തെ സന്ദർശന വിസയിൽ മക്കയിലെത്തി അവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളും മറ്റും കടുത്ത ആശങ്കയിലാണ്. കർശന പരിശോധന കാരണം റൂമിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇത്തരം കുടുംബങ്ങൾ. പെട്ടെന്ന് ലഭിച്ച നിർദേശങ്ങളായതുകൊണ്ടു തന്നെ സന്ദർശക വിസയിലുള്ള കുടുംബങ്ങളെ ഉടനെ നാട്ടിലയക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നിരവധി മക്ക പ്രവാസികൾ. സന്ദർശന വിസയിലെത്തിയ സ്ത്രീകളും കുട്ടികളുമെല്ലാം ഹജ്ജ് സേവന രംഗത്ത് സജീവമാവാറുണ്ട്. ഇപ്രാവശ്യവും ഇങ്ങിനെയുള്ള നിരവധി കുടുംബങ്ങൾ സേവനത്തിനിറങ്ങിയിരുന്നെങ്കിലും പരിശോധന കർശനമാക്കിയത് കൊണ്ട് അത്തരം ആളുകൾ സേവനത്തിന് മുതിരരുത് എന്ന് സന്നദ്ധ സംഘടനകൾ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ‘അനധികൃത ഹജ്ജ് സ്വീകാര്യമല്ല’ എന്ന ബോർഡുകൾ മക്കയിലും പരിസരപ്രദേശങ്ങളും വ്യാപകമായി അധികൃതർ പ്രദർശിപ്പിച്ചിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴയും നാട് കടത്തലുമാണ് ശിക്ഷ. ഹജ്ജ് സേവനത്തിന് മുതിരുന്ന സന്നദ്ധ പ്രവർത്തകരടക്കം ഇന്ത്യൻ പ്രവാസികൾ സൗദി അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും ഊന്നിപ്പറഞ്ഞിരുന്നു.