കുന്നമംഗലം> കോഴിക്കോട് എൻഐടി ക്യാമ്പസിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ആറ് ലക്ഷം രൂപ വീതം പിഴയിട്ട് അധികൃതർ. പഠിപ്പ് മുടക്കി വിദ്യാർഥികളൊന്നടക്കം ക്യാമ്പസിൽ നടത്തിയ സമാധാനപരമായ സമരത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർഥികൾക്കെതിരെയാണ് രജിസ്ട്രാർ വിചിത്രമായ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
വൈശാഖ് പ്രേംകുമാർ, കൈലാസ് നാഥ്, ഇർഷാദ് ഇബ്രാഹിം, ജെ ആദർശ്, ബെൻ തോമസ് എന്നിവർക്കാണ് പിഴയടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. സമരത്തിൻ്റെ ഭാഗമായി എൻഐടിക്ക് പ്രവൃത്തിദിനം നഷ്ടമായെന്നും ഓരോ വിദ്യാർത്ഥിയും 6,61,155 രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അഞ്ച് വിദ്യാർഥികളിൽ നിന്നും മൊത്തം 33,05775 രൂപ ഈടാക്കാനാണ് തീരുമാനം. പ്രവൃത്തി ദിവസം നഷ്ടമായതിൻ്റെ ഫലമായി എൻഐടിക്ക് രണ്ട് കോടി രൂപ നഷ്ടമായെന്നാണ് അധികൃതരുടെ കണക്ക്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഇത്തരത്തിലുള്ള നോട്ടീസ് അയക്കാനാണ് ശ്രമം.
ഗവേഷണ സ്ഥാപനമെന്ന നിലയിൽ 24 മണിക്കൂറും പ്രവർത്തിക്കേണ്ട ലൈബ്രറിയും ഹോസ്റ്റൽ സൗകര്യവുമെല്ലാം ഒഴിവാക്കി ക്യാമ്പസിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ച് സമരം നടത്തിയത്.