ന്യൂഡല്‍ഹി> കേരളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനയെയും സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേല്‍ കേന്ദ്രം നടത്തുന്ന കടന്നുകയറ്റങ്ങളെയും തുറന്നുകാണിക്കാനായി ഫെബ്രുവരി എട്ടിന് ന്യൂഡല്‍ഹി ജന്തര്‍മന്തറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ദേശീയ നേതാക്കളും പങ്കെടുക്കുന്ന സമരപരിപാടിയുടെ ആലോചനകള്‍ക്കായി എംപിമാരുടെയും വിവിധ സംഘടനകളുടെയും യോഗം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ഫെബ്രുവരി എട്ടിന് രാവിലെ 11 മണി മുതല്‍ നടക്കുന്ന സമരത്തില്‍ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ബഹുജനങ്ങളും വിദ്യാര്‍ത്ഥികളും അണിനിരക്കും. സമരത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാനുള്ള വിപുലമായ പ്രചരണ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി.
യോഗത്തില്‍ എളമരം കരീം എം പി അധ്യക്ഷനായി. എംപിമാരായ എ എം ആരിഫ്, ഡോ. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, എ. എ. റഹിം, ജോസ് കെ മാണി, കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ എന്‍ ദാമോദരന്‍, വി കെ ചെറിയാന്‍, വിനോദ് കമ്മാളത്ത്, പി രവീന്ദ്രന്‍, സാജന്‍കുമാര്‍, ഡോ. കെ പി ഹരീന്ദ്രന്‍ ആചാരി, പി ജയരാജ്, ശശികുമാര്‍, പി വി സുരേന്ദ്രനാഥ്, സൂരജ് ഇളമണ്‍, എന്‍ വി ശ്രീനിവാസ്, സുഭാഷ് ചന്ദ്രന്‍, പി വി അനിയന്‍, പി വി ശങ്കരനാരായണന്‍, എ ജയപ്രസാദ്, ടി എ ബിജു, രഘു, പി എന്‍ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.