തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഏഴുമണിക്ക് നേമത്ത് നിന്ന് തുടങ്ങും. പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുമായുള്ള ആശയവിനിമയവും നടത്തും. ഇതിനിടയിൽ വിഴിഞ്ഞം സമര സമിതി നേതാക്കളെയും രാഹുൽ ഗാന്ധി കാണാനാണ് സാധ്യത. ഉച്ചയ്ക്ക് വിഴിഞ്ഞം സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചേക്കുമെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
കണ്ണമൂലയിൽ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം രാഹുല്‍ ഗാന്ധി സന്ദർശിക്കും. വൈകീട്ട് നാലുമണിക്ക്പദയാത്ര പട്ടം ജംഗ്ഷനിൽ നിന്ന് വീണ്ടും തുടങ്ങും. തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരെക്കൂടാതെ പത്തനംതിട്ട ജില്ലയിലെ പ്രവർത്തകരും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടത്തെ സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും.