ബർലിൻ: ജർമനിയിൽ വിമാനത്താവള ജീവനക്കാരും ട്രെയിൻ ലോകോ പൈലറ്റുമാരും വേതനവർധന ആവശ്യപ്പെട്ട് പണിമുടക്കി. 80 ശതമാനം ദീർഘദൂര ട്രെയിനുകളും വിമാന സർവിസുകളും മുടങ്ങി. പ്രധാന വിമാനക്കമ്പനിയായ ലുഫ്താൻസയുടെ ഗ്രൗണ്ട് ജീവനക്കാരാണ് വ്യാഴാഴ്ച പണിമുടക്കിയത്.
ലോകോ പൈലറ്റുമാരുടെ സമരം വെള്ളിയാഴ്ച വരെ തുടരും. വിദേശ സഞ്ചാരികൾ ഉൾപ്പെടെ പ്രതിസന്ധിയിലായി. പണപ്പെരുപ്പവും ജോലിക്കാരുടെ ക്ഷാമവുമാണ് വേതനവർധന ആവശ്യപ്പെടാൻ കാരണം. ആഴ്ചയിലെ ജോലിസമയം 38 മണിക്കൂറിൽനിന്ന് 35 ആയി കുറക്കണമെന്നും ജർമൻ ട്രെയിൻ ഡ്രൈവേഴ്സ് യൂനിയൻ ആവശ്യപ്പെടുന്നു. ആഴ്ചകളായി നടത്തിവന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞയാഴ്ച പ്രത്യക്ഷ സമരം പ്രഖ്യാപിച്ചത്.