തിരുവനന്തപുരം : വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു വൈദ്യുതി ഭവനു മുന്നിൽ അസോസിയേഷൻ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. പ്രശ്നപരിഹാരത്തിനു സിപിഎം ഇടപെട്ടിട്ടുണ്ട്. മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നു തിരുവനന്തപുരത്ത് എത്തും. ഇന്നോ നാളെയോ അനുരഞ്ജന ചർച്ച നടന്നേക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലനും കൃഷ്ണൻകുട്ടിയുമായി പാലക്കാട്ട് നടന്ന കൂടിക്കാഴ്ചയിൽ പ്രശ്നം തീർക്കുമെന്നു മന്ത്രി ഉറപ്പു നൽകിയതായി അറിയുന്നു. എന്നാൽ പരിഹാര ഫോർമുല വ്യക്തമല്ല.
അസോസിയേഷൻ നേതാവും എക്സിക്യൂട്ടീവ് എൻജിനീയറുമായ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ ഇന്നോ നാളെയോ ബോർഡ് മാനേജ്മെന്റ് തീരുമാനമെടുക്കും. സസ്പെൻഷനിലായ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി.ഹരികുമാർ എന്നിവർ കുറ്റപത്രത്തിനു മറുപടി നൽകുന്ന മുറയ്ക്ക് തീരുമാനമെടുത്താൽ മതിയെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കളയുന്ന തരത്തിൽ സംഘടനാ പ്രവർത്തനം നടത്തുന്നത് ഒഴിവാക്കണമെന്നും മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും മുഖ്യമന്ത്രിക്കു നിവേദനം നൽകി.
വകുപ്പു തലവന്മാർക്കെതിരെ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ ബോർഡിലും കോഴിക്കോട് കലക്ടറേറ്റിലും നടത്തിയ നീക്കം അസോസിയേഷൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെയും ബോർഡിലെ വനിതകളെയും അപഹസിക്കുന്ന രീതിയിൽ ചെയർമാൻ ബി.അശോക് ടിവി ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയതിൽ അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.
കെഎസ്ഇബി സമരത്തിന് എതിരെ ഹർജി
കൊച്ചി : കെഎസ്ഇബി ഓഫിസർമാർ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് ആരോപിച്ചു ഹൈക്കോടതിയിൽ ഹർജി. വയനാട് വൈത്തിരി സ്വദേശി അരുൺ ജോസ് നൽകിയ പൊതുതാൽപര്യ ഹർജി കോടതി ഇന്നു പരിഗണിച്ചേക്കും.