ചെന്നൈ : കേരളത്തിന്‍റെ അയൽസംസ്ഥാനങ്ങളിലെയും മഹാനഗരങ്ങളിലെയും ജനജീവിതത്തെ ബാധിക്കാതെ ബന്ദ്. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്. ചെന്നൈ നഗരത്തെയും പൊതുമണിമുടക്ക് ബാധിച്ചിട്ടില്ല. രാവിലെ നഗരത്തിൽ ജനത്തിരക്കുണ്ട്. ഓട്ടോ, ടാക്സിസർവീസുകളും പതിവുപോലെ തുടരുന്നു.
മെഡിക്കൽ ആവശ്യങ്ങൾക്കല്ലാത്ത അവധികൾ ഇന്നും നാളെയും അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും നാളെയും ജോലിക്കെത്താത്തവർക്ക് ശമ്പളം നഷ്ടമാകുമെന്ന് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അതേസമയം ഭരണകക്ഷിയായ ഡിഎംകെ അനുകൂല ട്രേഡ് യൂണിയനായ ലേബർ പ്രോഗ്രസീവ് ഫെഡറേഷനടക്കം സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ജീവനക്കാർ പ്രത്യക്ഷസമരത്തിൽപങ്കെടുക്കാൻ സാധ്യത കുറവാണ്. എന്നാൽ ബാങ്കിംഗ് മേഖലയെ പണിമുടക്ക് ബാധിക്കാനാണ് സാധ്യത.