സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ കുറിച്ച് നിങ്ങളില്‍ അധികപേരും കേട്ടിരിക്കും. എന്നാല്‍ ഗുരുതരമായ അവസ്ഥയാണെന്നതിന് പുറമെ ഇതെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവരും ഏറെയാണ്.
തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ നിലയ്ക്കുകയോ തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് കേടുപാട് സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ചിലര്‍ അത്ഭുതകരമായി പക്ഷാഘാതത്തില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.
എന്നാല്‍ വലിയൊരു വിഭാഗം പേരിലും സ്ട്രോക്ക് വെറുതെ മടങ്ങാറില്ല എന്നതാണ് സത്യം. തലച്ചോറിന് തകരാര്‍ സംഭവിക്കുകയോ ശരീരത്തിലെ ഏതെങ്കിലും അവയവമോ – അവയവങ്ങളോ പ്രശ്നത്തിലാവുകയോ ചെയ്യുന്നത് മുതല്‍ മരണം വരെ സംഭവിക്കാം. ധാരാളം കേസുകളില്‍ സ്ട്രോക്ക് രോഗികളെ മരണത്തിലേക്ക് നയിക്കാറുണ്ട്. ഇത് അപൂര്‍വമല്ല എന്ന് മനസിലാക്കുന്നതിനും പ്രശ്നത്തിന്‍റെ ഗൗരവം അറിയുന്നതിനും വേണ്ടിയാണിത് പങ്കുവയ്ക്കുന്നത്.
അധികവും അറുപത് കടന്നവരിലാണ് സ്ട്രോക്ക് സാധ്യത കൂടുതലുള്ളത്. എന്നുവച്ച് അതിന് താഴെ പ്രായമുള്ളവരില്‍ സ്ട്രോക്ക് വരില്ല എന്നില്ല. ഇക്കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക.
സ്ട്രോക്കിന് മുന്നോടിയായി രോഗിയില്‍ പല ലക്ഷണങ്ങളും കാണാറുണ്ട്. ഇതില്‍ പ്രകടമായ, ശ്രദ്ധിക്കപ്പെടുന്ന ലക്ഷണങ്ങളുണ്ട്- ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങളുമുണ്ട്. പലപ്പോഴും സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ സമയത്തിന് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പിന്നീട് വലിയ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നത്.
അസഹനീയമായ തളര്‍ച്ച, മുഖചലനങ്ങള്‍ക്ക് പരിമിതി- ചിരിക്കാൻ പോലും പ്രയാസം, കണ്ണുകളും വായയും താഴേക്കായി തൂങ്ങുന്നത് പോലുള്ള അവസ്ഥ, കൈകള്‍ ഉയര്‍ത്താൻ സാധിക്കാത്ത അവസ്ഥ, സംസാരത്തില്‍ പ്രശ്നം- സംസാരിക്കുമ്പോള്‍ അവ്യക്തത- കൃത്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുക- ഭാഷയ്ക്ക് പ്രശ്നം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം പക്ഷാഘാതത്തിന്‍റെ ഭാഗമായി വരുന്നതാണ്. ഒരു വ്യക്തിയില്‍ ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണം കാണുകയാണെങ്കില്‍ തീര്‍ച്ചയായും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ഇതിന് പുറമെ മറ്റ് പല ലക്ഷണങ്ങള്‍ കൂടി പക്ഷാഘാതത്തിന്‍റേതായി വരാം. ഇവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നതാണ്. ഇവയിലൊന്നാണ് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഏതെങ്കിലുമൊരു കണ്ണിന്‍റെ കാഴ്ചയിലുള്ള പ്രശ്നമാണ് ശ്രദ്ധിക്കേണ്ടത്. കടുത്ത തലവേദന- അതും പെട്ടെന്ന് വരുന്നത് പ്രത്യേകം ശ്രദ്ധിക്കുക.
മരവിപ്പ്, ശരീരത്തിന്‍റെ ഏതെങ്കിലുമൊരു വശത്തായി സ്പര്‍ശിക്കുന്നത് അറിയാതിരിക്കുന്ന അവസ്ഥ, നടക്കാനോ ശരീരം കൃത്യമായി ചലിപ്പിക്കാനോ കഴിയാതിരിക്കുന്ന അവസ്ഥ, തലച്ചോറിന്‍റെ ആജ്ഞ ശരീരം അനുസരിക്കാത്ത അവസ്ഥ, എപ്പോഴും തലകറക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിങ്ങനെയുള്ള പ്രശ്നങ്ങളും പക്ഷാഘാതത്തിന്‍റെ ഭാഗമായി വരാം. എന്നാലീ ലക്ഷണങ്ങള്‍ കാണുകയാല്‍ എല്ലായ്പോഴും അത് സ്ട്രോക്ക് ആണെന്ന് സ്വയം ഉറപ്പിക്കരുത്. നിര്‍ബന്ധമായും ആശുപത്രിയിലെത്തി പരിശോധിക്കുകയാണ് വേണ്ടത്.
പക്ഷാഘാതം സംഭവിക്കുമ്പോള്‍ ഉയര്‍ന്ന ബിപിയുള്ളവരില്‍ ഇതുമൂലം തലച്ചോറിലെ രക്തക്കുഴലുകളേതെങ്കിലും പൊട്ടാം. അതല്ലെങ്കില്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായോ അല്ലാതെയോ തടസപ്പെടാം. ആദ്യമേ പറഞ്ഞതുപോലെ ഈ രണ്ട് തരത്തിലാണ് സ്ട്രോക്ക് സംഭവിക്കുക. കൊളസ്ട്രോളും ബിപിയുമുള്ളവരാണ് പക്ഷാഘാതസാധ്യത ഏറെയും പരിഗണിക്കേണ്ടത്.