വാഷിങ്ടന്‍ : യുഎസിലെ സംസ്ഥാനമായ കൊളറാഡോയില്‍ അതിശക്തമായ കാട്ടുതീയില്‍ ആയിരത്തോളം വീടുകള്‍ കത്തി നശിച്ചു. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. 25,000 പേരാണ് മേഖലയില്‍നിന്നു രക്ഷപ്പെട്ടത്. ഏതാണ്ട് 6,000 ഏക്കറിലെ വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. ഡെന്‍വറിനു വടക്ക് ബൗള്‍ഡര്‍ കൗണ്ടിയിലാണ് കാട്ടുതീ വന്‍ദുരിതം വിതച്ചത്. ലൂയിസ്വില്ലെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് 30,000ത്തോളം ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്കി. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. ആളുകള്‍ ജീവനും കൊണ്ടു പരക്കം പായുന്നതിന്റെ നെട്ടിപ്പിക്കുന്ന വിഡിയോകളാണ് പുറത്തുവരുന്നത്.
കണ്ണ് ചിമ്മി തുറക്കുന്നതിനു മുന്‍പാണ് ഓരോ പ്രദേശവും കത്തിയമരുന്നതെന്ന് കൊളറാഡോ ഗവര്‍ണര്‍ ജാരെദ് പോളിസ് പറഞ്ഞു. മേഖലയില്‍ വ്യോമനീരക്ഷണം നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഗവര്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊളറാഡോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയില്‍ പല മേഖലകളിലും വൈദ്യുതി പൂര്‍ണമായി തടസപ്പെട്ടു. മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കൊളറാഡോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കലിഫോര്‍ണിയയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 2.5 മില്യണ്‍ ഏക്കര്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഴയോ മഞ്ഞോ ഇതുവരെ ഉണ്ടായിട്ടില്ല.