കാസർകോട് : കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റ് മാനേജറായ പടന്ന സ്വദേശി അഹമ്മദിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അതേസമയം സ്ഥാപന ഉടമ കുഞ്ഞഹമ്മദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്.
സംഭവത്തിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിലായവർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിംഗ് പാർട്ണർ മുല്ലോളി അനെക്സ്ഗർ, ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവെരാണ് നേത്തെ അറസ്റ്റിലായത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മൂന്ന് പേര്‍ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പിന്നാലെ കട പൂട്ടി സീൽ ചെയ്തു. അതിനിടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന് ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി.