അലിഗഢ് : ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘർഷം നിലനിർക്കുന്നതിനിടെ ഉത്തർപ്രദേശിലെ ഒരു കോളേജിലും ഹിജാബ് നിരോധിച്ചു. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാർഥികൾ ഹിജാബ് ധരിച്ച് കോളേജിലെത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. മുഖം മറച്ചുകൊണ്ട് വിദ്യാർഥികൾ കോളേജ് കാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കോളേജ് പ്രിൻസിപ്പാൾ രാജ് കുമാർ വർമ പറഞ്ഞു. കാമ്പസിൽ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
കർണാടകയിലെ വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരേ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. കർണാടകയിലെ വിദ്യാർഥിനികൾക്ക് ഐക്യധാർഠ്യം പ്രഖ്യാപിച്ച് ബുർഖയും ഹിജാബും ധരിച്ചായിരുന്നു ഇവിടെ വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. കർണാടകയിലെ ഗഡാഗ്, ചിക്കമംഗളൂരു, ശിവമോഗ, ഉടുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളിലാണ് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് തർക്കം ഉടലെടുത്തത്. തുടർന്ന് വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം നടക്കുകയാണ്.