ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് റാഗ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി പിതാവ്. മർദ്ദനത്തിൽ പരിക്കേറ്റ വി വി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥി അഹമ്മദ് യാസീന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് പൊലീസും, സ്കൂൾ അധികൃതരും കേസ് ഒത്തു തീർക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്. മകനെ ക്രൂരമായി മർദ്ദിക്കുക മാത്രമല്ല റാഗ് ചെയ്തതായും മുഹമ്മദ് ഷാഫി പറഞ്ഞു.
റാഗ് ചെയ്തതായി മകൻ പൊലീസിന് മൊഴി നൽകിയിട്ടും നൂറനാട് സി ഐ, വി ആർ ജഗദീഷ് സ്റ്റേഷൻ ജാമ്യം കിട്ടും വിധം മർദ്ദനത്തിനു മാത്രം കേസെടുത്ത് കുട്ടി ക്രിമിനൽ സംഘത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഹമ്മദ് ഷാഫി ആരോപിച്ചു. കാലൊടിഞ്ഞതിനാൽ ഒരു മാസത്തോളം പ്ലാസ്റ്റർ ഇട്ട് വീട്ടിൽ കഴിഞ്ഞിരുന്ന മകൻ പ്ലാസ്റ്റർ എടുത്ത് സ്കൂളിൽ എത്തിയ ദിവസമാണ് സംഭവമുണ്ടായത്.
അംഗപരിമിതൻ കൂടിയായ മകനോട് ഏഴ് പേരടങ്ങുന്ന സംഘം മുട്ടിലിഴയാൻ പറഞ്ഞപ്പോൾ കാലിന്റെ അവസ്ഥ പറഞ്ഞെങ്കിലും ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. മർദ്ദനമേറ്റ മകനെ താൻ ചെല്ലുംവരെ ആശുപത്രിയിലെത്തിച്ചിരുന്നില്ലെന്നും ഷാഫി പറഞ്ഞു. ക്രൂരമായ മർദ്ദനം ബോധ്യപ്പെട്ട സ്കൂൾ അധികൃതർ പ്രശ്നകാരികളായ കുട്ടികളെ സസ്പെന്‍ഡ് ചെയ്യുക മാത്രമാണുണ്ടായത്. ഇരയുടെ മൊഴി തള്ളി പ്രതികൾക്കനുകൂലമായ പൊലീസിന്റെയടക്കം നിലപാടുകൾക്കെതിരെ താനും കുടുംബവും പൊലീസ് സ്റ്റേഷനിലുൾപ്പെടെ സമരത്തിനൊരുങ്ങുകയാണെന്നും മുഹമ്മദ് ഷാഫി അറിയിച്ചു.