കോഴിക്കോട്: നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഹമ്മദിന്റെ സുഹൃത്ത് മിസ്ഹബിന് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്. നാദാപുരം ഫയർഫോഴ്സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്. മുടവന്തേരി സ്വദേശികളായ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. ആറു കുട്ടികളാണ് കുളിക്കാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. പാറക്കടവ് ദാറുൽ ഹുദയിലെ വിദ്യാർഥിയാണ് മുഹമ്മദ്. മാതാവ് ഫാത്തിമ.