തൃശൂർ : ആരോഗ്യ സർവകലാശാല നടത്തിയ അവസാന വർഷ എംബിബിഎസ് പരീക്ഷ വിദ്യാർഥികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചു. 3600 പേർ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1700 ലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയില്ല. ഒരു വർഷത്തെ ക്ലാസുകളും പരിശീലനങ്ങളും 6 മാസത്തിൽ താഴെ സമയത്തിനുള്ളിൽ തീർത്ത് അതിവേഗം പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണു ബഹിഷ്കരണം. അക്കാദമിക് മാനദണ്ഡമനുസരിച്ചു പരീക്ഷയ്ക്കു മുൻപ് 800 മണിക്കൂർ ക്ലാസുകൾ പൂർത്തിയാക്കണം.
എന്നാൽ, 500 മണിക്കൂർ ക്ലാസുകൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നു വിദ്യാർഥികൾ പറയുന്നു. ഹൗസ് സർജൻസിയുടെ ദൈർഘ്യം ഓഗസ്റ്റ് വരെയുണ്ടെങ്കിലും ശേഷിക്കുന്ന ക്ലാസുകൾ പൂർത്തീകരിക്കാനോ പരീക്ഷാ തയാറെടുപ്പിനു വേണ്ടത്ര സമയം അനുവദിക്കാനോ സർവകലാശാല ഒരുക്കമല്ലെന്നു വിദ്യാർഥികൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഒട്ടുമിക്ക കേന്ദ്രങ്ങളിലും പരീക്ഷ സുഗമമായി നടന്നുവെന്നും ശേഷിക്കുന്ന പരീക്ഷകൾ പ്രഖ്യാപിത സമയക്രമമനുസരിച്ചു നടത്തുമെന്നും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.