മലവിസര്‍ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കൊളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദമാണ് ബവല്‍ ക്യാന്‍സര്‍ അഥവാ കുടലിനെ/ വയറിനെ ബാധിക്കുന്ന ക്യാൻസര്‍. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്ന അര്‍ബുദമാണ് ഇത്. വയറുവേദന, വയറ്റില്‍ എപ്പോഴും അസ്വസ്ഥത, വയര്‍ വീര്‍ത്ത് കെട്ടിയിരിക്കുന്ന അവസ്ഥ, മലാശയത്തില്‍ നിന്നുള്ള രക്തസ്രാവം, മലബന്ധം, ഛര്‍ദ്ദി, അതിസാരം, ഇരുമ്പിന്‍റെ കുറവ് മൂലമുള്ള വിളർച്ച എന്നിവയെല്ലാം ബവല്‍ ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. മിക്ക കേസുകളിലും ഇവയെല്ലാം ദഹനപ്രശ്നങ്ങളായി കണക്കാക്കി ക്യാൻസര്‍ നിര്‍ണയം വൈകുന്നതാണ് പിന്നീട് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വിഷമതകള്‍ നേരിടുന്നപക്ഷം പരിശോധനയ്ക്ക് വിധേയരാകുന്നതാണ് ഉചിതം.
ഇപ്പോഴിതാ ഫോളേറ്റിന്‍റെ കുറവു മൂലം കുടൽ ക്യാൻസർ സാധ്യത കൂടുമെന്നാണ് ഒരു പഠനം പറയുന്നത്. അന്നൽസ് ഓഫ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വൻകുടലിലെയും അന്നനാളത്തിലെയും ക്യാൻസറുകളുടെ അപകടസാധ്യത കുറയും എന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റ് നിരവധി ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു. 5,000-ലധികം ആളുകളിലാണ് പഠനം നടത്തിയത്.
വിറ്റാമിൻ ബി 9 എന്നും ഫോളസിൻ എന്നും അറിയപ്പെടുന്ന ബി വിറ്റാമിനുകളിൽ ഒന്നാണ് ഫോളേറ്റ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ഇവ പ്രധാനമാണ്. തലച്ചോറിന്റെയും നട്ടെല്ലിന്റെയും ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഫോളേറ്റ് നിർണായകമാണ്.
മുതിർന്നവർ പ്രതിദിനം 400 മൈക്രോഗ്രാം ഫോളേറ്റ് കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫോളേറ്റിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
ഫോളേറ്റിന്‍റെ അഭാവം എങ്ങനെ തിരിച്ചറിയാം?
വിളർച്ച, ശ്വാസതടസ്സം, തലകറക്കം, നാവില്‍ ചുവന്ന നിറം, രുചി കുറവ്, വായയില്‍ വ്രണം, ഓര്‍മ്മക്കുറവ്, പേശികളുടെ ബലഹീനത, വിഷാദം, ശരീരഭാരം കുറയുക, വയറിളക്കം തുടങ്ങിയ പല സൂചനകളും ചിലപ്പോള്‍ ഫോളേറ്റിന്‍റെ അഭാവം മൂലമാകാം.
ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍…
ബീൻസ്, പയർവർഗങ്ങൾ, സിട്രസ് പഴങ്ങൾ, പച്ചിലക്കറികൾ, സീഫുഡ്, മുട്ട, പാലുൽപ്പന്നങ്ങൾ, മാംസം, കോഴിയിറച്ചി, ധാന്യങ്ങൾ, പാസ്ത തുടങ്ങിയവയില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.