ലണ്ടന്‍ : ഒമിക്രോണിന്‍റെ വരവോടെ ഡിസംബര്‍ ആദ്യ പകുതിയില്‍ യുകെയിലെ കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതായി പഠനം. ഇതില്‍ തന്നെ വാക്സീന്‍ വിതരണം ആരംഭിക്കാത്ത അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതായി ലണ്ടന്‍ ഇംപീരിയല്‍ കോളജ് നടത്തിയ റിയല്‍ ടൈം അസസ്മെന്‍റ് ഓഫ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍-1(റിയാക്ട് – 1) പഠനത്തില്‍ കണ്ടെത്തി. 2021 നവംബര്‍ 23നും ഡിസംബര്‍ 14നും ഇടയിലെ കാലയളവില്‍ 4.74 ശതമാനമാണ് 5-11 പ്രായവിഭാഗത്തിലെ കോവിഡ‍് അണുബാധ നിരക്ക്. ഒക്ടോബര്‍ 19നും നവംബര്‍ അഞ്ചിനും ഇടയിലുള്ള കാലയളവില്‍ നടത്തിയ ഗവേഷണത്തിലും സമാനമായിരുന്നു സ്ഥിതി.
അതേ സമയം 12-17 പ്രായവിഭാഗത്തിലുള്ള സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ കോവിഡ് ബാധ നിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 2.31 ശതമാനമായി കുറഞ്ഞു. ഈ വിഭാഗത്തിലെ 76.6 ശതമാനം പേര്‍ക്കും ഒരു ഡോസ് എങ്കിലും വാക്സീന്‍ ലഭിച്ചിരുന്നു. ഈ പ്രായവിഭാഗക്കാരിലെ വാക്സീന്‍റെ കാര്യക്ഷമത 57.9 ശതമാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വാക്സിനേഷന്‍റെ ഫലമായി മുതിര്‍ന്നവരിലെ കോവിഡ് അണുബാധ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. പഠന കാലയളവില്‍ 70 പേരില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ ശരാശരി 1.41 ശതമാനത്തിന് രോഗബാധയുണ്ടായി. ലണ്ടന്‍ ഇംപീരിയല്‍ കോളജ് സംഘം ഡിസംബര്‍ ഒന്നിനും 11നും ഇടയില്‍ വിലയിരുത്തിയ 275 സാംപിളുകളില്‍ ഭൂരിപക്ഷവും ഡെല്‍റ്റ വകഭേദം മൂലമുള്ളതായിരുന്നു. 11 എണ്ണമായിരുന്നു ഒമിക്രോണ്‍ മൂലമുള്ളത്. എന്നാല്‍ എട്ട് മുതല്‍ ഒന്‍പത് ദിവസം കൊണ്ട് ആകെ സാംപിളുകളിലെ ഒമിക്രോണിന്‍റെ ശതമാനം 10ല്‍ നിന്ന് 90 ശതമാനമായി ഉയരാമെന്ന് റിയാക്ട് പ്രോഗ്രാം ഡയറക്ടര്‍ പ്രഫ. പോള്‍ എലിയട്ട് പറഞ്ഞു.
മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ അണുബാധ സാധ്യത രണ്ട് ഡോസ് എടുത്തവരെ അപേക്ഷിച്ച് കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. 50 വയസ്സിന് മുകളിലുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് അണുബാധ സാധ്യത പകുതിയായി കുറച്ചു. 65നും 74നും ഇടയിലുള്ളവരില്‍ അണുബാധ നിരക്ക് 40 ശതമാനവും 75ന് മുകളിലുള്ളവരില്‍ മൂന്നില്‍ രണ്ടായും കുറഞ്ഞു. വാക്സിനേഷന് പുറമേയുള്ള നടപടികള്‍ കോവിഡ് തരംഗത്തെ തടയാനും ആശുപത്രികള്‍ നിറഞ്ഞു കവിയാതിരിക്കാനും സ്വീകരിക്കണമെന്ന് ഗവേഷണറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.