കൊവിഡ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊറോണ വൈറസ് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുമെന്നും ദീര്‍ഘക്കാലം അവയ്ക്ക് അവിടെ നിലനില്‍ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ജേണല്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
നേരത്തെ കൊവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍ പഠനം സൂചിപ്പിച്ചിരുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പഠനത്തില്‍ പറയുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും അതില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളും സമാനമാണെങ്കില്‍ കൊവിഡ് 19 മഹാമാരി ഭാവിയില്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്ന് ജാമ കാര്‍ഡിയോളജിയില്‍ എഴുതിയ ലേഖനത്തില്‍ പ്രമുഖ ഹൃദ്രോഗവിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.