കൊച്ചി : രാജ്യത്തെ സ്‌ത്രീകളെസംബന്ധിച്ച് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. മൂവാറ്റുപുഴയിൽ ഇടുക്കി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചേർന്ന വനിതാ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അവർ. സ്‌ത്രീസുരക്ഷയും ഉന്നമനവും ഉറപ്പാക്കുമെന്ന വാഗ്‌ദാനമാണ് അധികാരത്തിലേറുമ്പോൾ ബിജെപി നൽകിയത്. എന്നാൽ, സ്‌ത്രീകളെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ക്രിമിനലുകളുടെ പക്ഷത്താണ് കേന്ദ്രം.
ബിൽക്കിസ് ബാനുവും ഗുസ്തിതാരങ്ങൾ നേരിട്ട പീഡനവുമെല്ലാം അതിന് തെളിവുകളാണ്. ബിൽക്കിസ് ബാനുവിനെ പീഡിപ്പിച്ച 11 പേരെ ഗുജറാത്ത് സർക്കാർ വെറുതെവിട്ടു. പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വീണ്ടും ജയിലിലടച്ചത്. മണിപ്പുരിൽ സ്‌ത്രീകൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്. അപ്പോഴൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ത്രീകളെ കാണാനോ വിഷയത്തിൽ ഇടപെടാനോ തയ്യാറായില്ല. എന്നാൽ, ഇടതുപക്ഷം അവരുടെ പോരാട്ടങ്ങൾക്കൊപ്പംനിന്നു.
ഇത്തവണ ബിജെപി അധികാരത്തിലെത്തിയാൽ സ്‌ത്രീകൾക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾപോലും നഷ്‌ടമാകും. സ്വാതന്ത്ര്യത്തോടെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിലും പാരമ്പര്യ സ്വത്തവകാശത്തിലും നിയന്ത്രണങ്ങളുണ്ടാകും. ന്യൂനപക്ഷ വിഭാഗത്തിലെ സ്‌ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടും. സിഎഎയും ഏകീകൃത സിവിൽ കോഡും നടപ്പാക്കുകവഴി ബിജെപി ലക്ഷ്യമിടുന്നത് ഇതുകൂടിയാണ്. പ്രതിപക്ഷമായ കോൺഗ്രസ് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനോ ബിജെപിയുമായി ഏറ്റുമുട്ടാനോ തയ്യാറല്ല. ഇടതുപക്ഷം മാത്രമാണ് ബിജെപിയുടെ നയങ്ങൾക്കെതിരെ നിരന്തരം പോരാടുന്നത്. അതുകൊണ്ടുതന്നെ ഇടതുസ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സുഭാഷിണി അലി പറഞ്ഞു.