തിരുവനന്തപുരം∙ സംസ്ഥാനത്തെ റബർ കർഷകർക്ക് സബ്‌സിഡിയായി 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 1,45,564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. നേരത്തെ 82.31 കോടി രൂപ വിതരണം ചെയ്‌തിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം 124.88 കോടി രൂപയാണ് സബ്‌സിഡിയായി റബർ കർഷകർക്ക് ലഭ്യമാക്കിയത്.
സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒരു കിലോഗ്രാം റബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തി. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. റബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി നൽകുന്നതിന്. ഇതിനായി റബർ വില സ്ഥിരത ഫണ്ട് വിനിയോഗിക്കുന്നു. ഈ വർഷം ബജറ്റിൽ 600 കോടി രൂപയാണ് ഫണ്ടിലേക്കായി നീക്കിവച്ചത്.