ദില്ലി: മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം കെജരിവാളിന് പകരം ആര് എന്നതിൽ ആം ആദ്മി പാർട്ടിയിൽ അവ്യക്തതയുണ്ട്. കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചർച്ച. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാരായ അതിഷി മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്.
രാജ്യ തലസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍ തുടരുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം ബിജെപി കടുപ്പിക്കുകയാണ്. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരണം നിയന്ത്രിക്കും എന്നാണ് ആം ആദ്മി എടുത്തിരിക്കുന്ന രാഷ്ടീയ തീരുമാനം. പക്ഷേ ഇതിന് നിയമപരമായ കടമ്പകള്‍ ഏറെയാണ്.