കൊല്ലം: ബ്യൂട്ടീഷ്യനായ സുചിത്രപിള്ളയെ പാലക്കാട് കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാരോപിക്കുന്ന കേസിൽ കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി റോയ് വർഗീസ് മുമ്പാകെ വിചാരണ ആരംഭിച്ചു. സുചിത്രപിള്ളയുടെ മാതാവായ വിജയലക്ഷ്മി, ബന്ധുക്കളായ ജയകുമാരി, അനുപംദാസ്, അനിൽകുമാർ എന്നിവരെയും ഭാര്യമാതാവ് ചിത്രയെയും സാക്ഷികളായി വിസ്തരിച്ചു.
2020 മാർച്ച് 17 ന് കോലഞ്ചേരിയിൽ ട്രെയിനിങ്ങിനെന്ന് പറഞ്ഞു പോയ മകളെ 20 ന് രാവിലെ ആറിന് മൂന്നുപ്രാവശ്യം വിളിച്ചപ്പോൾ ഫോൺ മൂന്നു പ്രാവശ്യം റിങ് ചെയ്ത് കട്ടായെന്നും പിന്നീട് സ്വിച്ച് ഓഫായെന്നും മാതാവ് വിജയലക്ഷ്മി മൊഴി നൽകി. 23ന് പൊലീസിൽ കേസ് കൊടുത്തശേഷമാണ് പ്രതി പ്രശാന്ത് നമ്പ്യാരുമായി സ്ഥിരമായി ഫോൺ വിളിക്കാറുണ്ടായിരുന്നെന്നും സുചിത്ര 2.5 ലക്ഷം രൂപ പ്രതിക്ക് നൽകിയിരുന്നതായി മനസ്സിലാക്കിയതെന്നും മാതാവ് പറഞ്ഞു.
2020 ഏപ്രിൽ 12 ന് പ്രതി മൂന്നാം സാക്ഷി അനുപംദാസിന് വാട്സ്ആപ് വഴി ‘എല്ലാവരോടും മാപ്പ് ചോദിക്കുന്നു, എനിക്കിനി ജീവിക്കണമെന്നില്ല, എന്‍റെ കുഞ്ഞിനെ ഭാര്യ നോക്കിക്കോളും’എന്ന് സന്ദേശം അയച്ചതായി സാക്ഷി മൊഴി നൽകി. സന്ദേശമടങ്ങിയ ഫോൺ കോടതിയിൽ ഹാജരാക്കി. പൊലീസിന്‍റെ നിർദേശപ്രകാരം ഏപ്രിൽ 29 ന് അനുപംദാസും നാലാം സാക്ഷി അനിൽകുമാറും പാലക്കാട്ടേക്ക് പോയിരുന്നെന്നും അവിടെ പ്രതി ചൂണ്ടിക്കാണിച്ച സ്ഥലം കുഴിച്ചുനോക്കിയപ്പോൾ ജീർണിച്ച ശരീരം കണ്ടുവെന്നും അതിലെ നൈറ്റി സ്ഥിരമായി സുചിത്ര ധരിച്ചുവന്നിരുന്നതാണെന്നും മൊഴി നൽകി. സുചിത്ര തന്നോടൊപ്പം പാലക്കാട് വന്ന് ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടെന്നും പുറത്തുപോയി വന്നപ്പോൾ ആത്മഹത്യ ചെയ്തിരുന്നെന്നും മൃതദേഹം താനാണ് മുറിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കുഴിച്ചുമൂടിയതെന്ന് പ്രതി തന്‍റെ മകളോട് പറഞ്ഞ അറിവാണ് തനിക്കുള്ളതെന്നും പ്രതിയുടെ ഭാര്യമാതാവ് ചിത്ര മൊഴി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിക്കുവേണ്ടി മഹേഷ് എം. കൊയിലാണ്ടി, ബിനോയ് കൊയിലാണ്ടി, ബിപിൻചന്ദ് എന്നിവരും ഹാജരായി.