തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെ എസ്.യു.സി.ഐ രാജ്ഭവൻ മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ ഗ്യാരന്റി ഭൂലോക തട്ടിപ്പ് ആണെന്ന് അദ്ദേഹം പറഞ്ഞു. 2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ നൽകിയ ഉറപ്പ് കൃഷിചെലവിന്റെ രണ്ട് മടങ്ങും 50 ശതമാനവും നൽകുമെന്നായിരുന്നു. ഇപ്പോൾ കൃഷിക്കാർ മിനിമം താങ്ങു വിലക്ക് ഡൽഹിയിൽ സമരം ചെയ്യുന്നു.
പെട്രോളിന്റെ വില അമ്പത് രൂപയാക്കുമെന്ന് വീമ്പിളക്കി.ഇപ്പോൾ വില 110 രൂപയായി.400 രൂപയായിരുന്ന പാചക വാതക സിലിണ്ടർ വില ആയിരമാക്കി ഉയർത്തി ജീവിതം ദുസഹമാക്കുയാണ് മോദി `അച്ഛേദിൻ`വാഗ്ദാനത്തിന്റെ മറയിൽ ചെയ്തത്.വീണ്ടും ‘അമൃതകാൽ’ എന്ന മറ്റൊരു തട്ടിപ്പ് മുദ്രാവാക്യവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നു. രാജ്യത്തിന്റെ സഹോദര്യം തകർക്കുമെന്ന പുതിയ ഗ്യാരണ്ടിയാണ് മോദിയും കൂട്ടരുംമുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ജനദ്രോഹ നയങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു. സെക്രട്ടറിയേറ്റ് നടയിൽ നിന്ന് രാവിലെ 11 ന് മാർച്ച് ആരംഭിച്ചു. എസ്.യു.സി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.കെ സുധീർ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. കുമാർ, എസ്. രാജീവൻ, സംസ്ഥാന കമ്മിറ്റിഅംഗം മിനി.കെ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.