കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസുമായി ബന്ധപ്പെട്ടു ലക്കിടി ചെക്ക് പോസ്റ്റിൽ വനംവകുപ്പ് പരിശോധന. മരങ്ങളുമായി കടന്നുപോയ ലോറികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഏത് പാസ് ഉപയോഗിച്ചാണ് മരങ്ങൾ കടത്തിയത് എന്ന വിവരങ്ങളാണ് പരിശോധിച്ചത്. കൽപ്പറ്റ റെയിഞ്ച് ഓഫീസർ നീതുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം, കീഴ്ജീവനക്കാർക്കെതിരെയുള്ള സസ്പെൻഷൻ നടപടിയിൽ പ്രതിഷേധവുമായി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. സംഭവത്തിൽ സെക്ഷൻ സ്റ്റാഫുകളെ ബലിയാടാക്കാൻ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായാണ് സംഘടനയുടെ ആരോപണം.
വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ പി സജിപ്രസാദ്, എം കെ വിനോദ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഔദ്യോഗിക കൃത്യനിർണത്തിലെ വീഴ്ചയെ തുടർന്നാണ് നടപടിയെന്നായിരുന്നു അറിയിപ്പ്. അനധികൃത മരം മുറി ശ്രദ്ധയിൽപ്പെട്ടിട്ടും ഇവർ തടയുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല എന്നാണ് കണ്ടെത്തിയത്. സുഗന്ധഗിരി സംഭവത്തിൽ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.