കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ സിപിഎമ്മുകാരന്റെ വീട്ടിൽ കൊലക്കേസ് പ്രതി അഭയം തേടിയതിനു പിന്നിലെ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വന്തം വീടിനു സമീപത്തെ ബോംബ് നിർമാണം തടയാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണു സംസ്ഥാനത്തു ക്രമസമാധാനം ഉറപ്പാക്കുകയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
എല്ലാ ക്രിമിനൽ രാഷ്ട്രീയത്തിനും മുന്നിൽ നിന്ന പഴയൊരു സിപിഎം നേതാവിന്റെ മകളുടെ വീട്ടിലാണു പ്രതി ഒളിവിൽ കഴിഞ്ഞതെന്നു സുധാകരൻ പറഞ്ഞു. ‘‘വീടിനു നേരെ ബോംബ് എറിഞ്ഞതും സിപിഎമ്മുകാരാണ്. സിൽവർലൈൻ സമരത്തിനിറങ്ങിയാൽ പല്ലു കൊഴിക്കുമെന്നാണ് ഇ.പി.ജയരാജന്റെ പ്രസ്താവന. പല്ലു കൊഴിക്കാൻ ഇറങ്ങിയാൽ ആദ്യം കൊഴിയുക ജയരാജന്റെ പല്ലായിരിക്കും’’– സുധാകരൻ പറഞ്ഞു. സ്വന്തം നാട്ടിലെ പാർട്ടി പ്രവർത്തകർ ബോംബ് ഉണ്ടാക്കുമ്പോഴാണു പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുന്നതെന്നു വി.ഡി.സതീശൻ പറഞ്ഞു.
കല്ല് പിഴുതെടുക്കുന്നവർ പല്ല് നോക്കണം: എം.വി.ജയരാജൻ
കണ്ണൂർ ∙ സിൽവർലൈനിന്റെ അതിർത്തിക്കല്ല് പിഴുതെടുക്കുന്നവർ സ്വന്തം പല്ല് നോക്കണമെന്നു വീണ്ടും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. നേരെ നിന്നു പിഴുതെടുക്കുമ്പോൾ താടിക്കു കൊണ്ട് പല്ല് പോകുമെന്ന് അദ്ദേഹം പരിഹസിച്ചു. കുറ്റി പിഴുതെടുക്കുന്നതിനു പകരം സമരക്കാർക്ക് ഇന്ധന വിലവർധനയ്ക്ക് എതിരെ സമരം ചെയ്തു കൂടേയെന്നും അദ്ദേഹം ചോദിച്ചു.