കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേരളത്തെ ഇന്ത്യയുടെ ‘കോവിഡ് ഹബ്ബ്’ ആക്കി നാണംകെടുത്തിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് സുധാകരൻ കെ.കെ. ശൈലജയെ വിമർശിച്ചത്.
കേരളത്തെ ഇന്ത്യയുടെ ‘കോവിഡ് ഹബ്ബ്’ ആക്കി നാണംകെടുത്തിയ കെ.കെ. ശൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിൽ ഇത്തവണ യു.ഡി.എഫിന്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സി.പി.എം പ്രവർത്തകർക്ക് കൂടി പങ്കുണ്ട് -സുധാകരൻ പറഞ്ഞു.
കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സി.പി.എം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.
ഭരണം നിലനിർത്താൻ സി.പി.എമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത ഏഴ് സീറ്റുകളെന്നും സുധാകരൻ പറഞ്ഞു.