ന്യൂഡൽഹി: തിരുവനന്തപുരം ലോ കോളജിൽ കെഎസ്‌യു പ്രവർത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എസ്എഫ്ഐക്കാർ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോൾ പൊലീസ് നോക്കിനിന്നു. എസ്എഫ്‌ഐയ്ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. ഇത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്നും കെ.സുധാകരൻ
പറഞ്ഞു.
‘ഇടുക്കിയിലെ ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ഉത്തരവാദികൾ ഗുണ്ടായിസവുമായി നടക്കുന്ന എസ്എഫ്ഐയും ഡിവൈഎഫ്‌ഐയുമാണ്. എസ്എഫ്ഐയുടെ കിരാത മർദനം ഏൽക്കാത്ത കേരളത്തിലെ ഒരു കോളജ് പോലുമില്ല. എല്ലാ സ്ഥലത്തും പൊലീസ് സംരക്ഷണം അവർക്കാണ്.’–സുധാകരൻ പറഞ്ഞു.
അതേസമയം, ലോ കോളജ് സംഘർഷത്തിന്റെ പേരിൽ നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ വാക്പോരുണ്ടായി. എതിരാളികളെ ഇല്ലാതാക്കാൻ ഉത്തരവ് കൊടുത്ത പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റതോടെ പ്രതിപക്ഷ നേതാവിന്റെ മനോനില തകർന്നെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ആക്ഷേപം സ്വീകരിച്ച വി.ഡി സതീശൻ എസ്എഫ്‌ഐക്കാരെ മുഖ്യമന്ത്രി നിലയ്ക്കുനിർത്തണമെന്ന് പറഞ്ഞു.