കൊച്ചി: എകെജി സെന്റർ ആക്രമിച്ച കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പൊലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തുമെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കോൺഗ്രസ് ഒരുപാടു ക്ഷമിക്കും, അതിരുവിട്ടാൽ നിയമം കയ്യിലെടുക്കും. ഭരണകക്ഷി ആ അപകടകരമായ സാഹചര്യത്ത അഭിമുഖീകരിക്കേണ്ടി വരും. അറസ്റ്റിലായ ജിതിൻ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയെന്നു പറയുന്നത് വസ്തുതാ വിരുദ്ധമാണ്. അങ്ങനെ ചെയ്തെങ്കിൽ, അത് അവർ എന്തോ കൊടുത്ത് ബോധമനസിനെ കെടുത്തി പറയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യാനായി കൊണ്ടു പോകുമ്പോൾ മറ്റൊരു യുവാവിന് എസ്പിയുടെ മുന്നിൽ വച്ചു ചോക്കലേറ്റു പോലൊരു സാധനം കൊടുത്ത് ബോധമനസിനെ കെടുത്തി എന്തൊക്കെയോ പറയിപ്പിച്ചു. ആ യുവാവ് ഇപ്പോൾ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ്. അറസ്റ്റിലായ ജിതിനും ചോക്കലേറ്റ് കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. സമാന അനുഭവമുണ്ടായ വേറെയും ചില യുവാക്കളുണ്ട്. പൊലീസിന്റെ നയമെന്താണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പഞ്ചായത്ത് അംഗമായ, ഡിവൈഎഫ് നേതാവായ ആളാണ് ഇതു ചെയ്തത് എന്ന് അടുത്തുള്ള പെട്ടിക്കടക്കാരൻ പറഞ്ഞിട്ട് അതിനെക്കുറിച്ച് അന്വേഷണമില്ല. സിപിഎമ്മിന്റെ പേരിൽ വന്നാൽ ആരുടെയും പേരിൽ അന്വേഷണമില്ല. പകരം കോൺഗ്രസിന്റെ പുതിയ ആളുകളെ കണ്ടെത്തുകയാണ്. കോൺഗ്രസിനു ബന്ധമില്ലാത്ത പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരെ പ്രതിയാക്കിയാൽ ആ പൊലീസ് നടപടി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം നോക്കിയിരിക്കില്ല. നോക്കിയിരിക്കുമെന്ന് പൊലീസോ സിപിഎമ്മോ പിണറായിയോ കരുതരുത്.
എകെജി സെന്ററല്ല, അതിന്റെ അപ്പുറവും കോൺഗ്രസിന് പ്രശ്നമല്ല. കോൺഗ്രസിന് എകെജി സെന്ററിനുനേരെ ഓലപ്പടക്കം എറിയേണ്ട കാര്യവില്ല. രാഷ്ട്രീയ ലക്ഷ്യം അവർ പറയട്ടെ. കെപിസിസി ഓഫിസ് ആക്രമിച്ച് ഫർണിച്ചർ തകർത്തതാണ് അന്വേഷിക്കേണ്ടത്. എ.കെ.ആന്റണിയെ പോലൊരു മഹാൻ ഇരിക്കുമ്പോൾ ഓഫിസ് തകർത്തവരുടെ പേരു നൽകിയിട്ട് അറസ്റ്റു ചെയ്തിട്ടില്ല. സിപിഎമ്മിന് എന്തും ചെയ്യാം. അതിനെല്ലാം പച്ചക്കൊടി കാണിക്കുന്നു. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണ്. സിപിഎമ്മും പൊലീസും തീക്കൊള്ളികൊണ്ടു തല ചൊറിയരുത്, പൊള്ളും. യാഥാർഥ്യ ബോധം നിങ്ങൾക്ക് അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.