കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സവർക്കറുടെ ചിത്രം ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഫ്ലക്സ് സ്ഥാപിച്ച പ്രവര്‍ത്തകനെ സസ്പെൻഷൻ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പ്രവര്‍ത്തകന് പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാരത് ജോഡോ യാത്രാ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വെച്ച സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ സസ്പെൻഡ് ചെയ്തിരുന്നു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു. ഫ്ലക്സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏൽപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോൾ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അത് നീക്കാൻ നിർദ്ദേശം നൽകിയതായി നേതാക്കൾ അറിയിച്ചു.